നീറ്റ് പരീക്ഷകൾ സെപ്റ്റംബർ 13ന് നടക്കും : വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി


ജെ ഇ ഇ – നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

നേരത്തെ നിശ്ചയിച്ച പ്രകാരം ജെ ഇ ഇ പരീക്ഷ സെപ്റ്റംബർ 1 മുതൽ മുതൽ 6 വരെയും, നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും.

ദേശീയ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷ നടത്തിപ്പിനായി സംസ്ഥാന സർക്കാരിന്റെ സഹായവും ദേശീയ ടെസ്റ്റിംഗ് ഏജൻസി ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റി വെക്കണമെന്ന് നേരത്തെ വിവിധ മുഖ്യമന്ത്രിമാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനോട് ആവശ്യപ്പെട്ടിരുന്നു.

നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തു നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാർഗ്ഗ നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ എത്തിയവര്‍ വീട്ടില്‍ തന്നെ 14 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കണം.

14 ദിവസത്തിന് മുമ്പ് എത്താന്‍ കഴിയാത്തവര്‍ എത്തുന്ന ദിവസം മുതല്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുണ്ട്.

ഇവര്‍ സർക്കാർ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രത്യേക വഴിയിലൂടെയാവണം പരീക്ഷാ കേന്ദ്രത്തില്‍ എത്തേണ്ടത്.

ഇവര്‍ക്കായി പ്രത്യേക പരീക്ഷാ മുറി ഉണ്ടാകും.

ഉടന്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ പ്രത്യേക യാത്രാപഥം തിരഞ്ഞെടുക്കണം.

മറ്റിടങ്ങളില്‍ സന്ദര്‍ശനം പാടില്ല.

കോവിഡ് ബാധിതരാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശ പ്രകാരം ചികിത്സ തേടുകയും ഇവര്‍ക്ക് മാത്രമായി ഒരുക്കിയ പ്രത്യേക മുറികളില്‍ പരീക്ഷ എഴുതുകയും ചെയ്യാം.

നീറ്റിന് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

സെപ്റ്റംബര്‍ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിംഗ് ഏജന്‍സിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി തീരുമാനം.

അയ്യായിരത്തോളം പ്രവാസി വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍
അപേക്ഷിച്ചിരിക്കുന്നത്.