മകളുടെ മന:സമ്മത വിരുന്നു സൽക്കാരത്തിന് മാറ്റി വെച്ച തുക കൊറോണ ദുരിതാശ്വാസമായി നൽകി മാതൃക കാണിച്ച് ജോസ് മാമ്പിള്ളി


ഇരിങ്ങാലക്കുട : മകളുടെ മന:സമ്മത വിരുന്നു സൽക്കാരം വേണ്ടെന്ന് വെച്ച് ആ തുക നൂറ് കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായമായി നൽകി ഇരിങ്ങാലക്കുടയിലെ തെക്കേ അങ്ങാടി മാമ്പിള്ളി ജോസ് – റീന ദമ്പതികൾ.

മകൾ ഐമയുടെ മനസ്സമ്മതച്ചടങ്ങാണ് ഇന്ന് സെന്റ് തോമസ് ദേവാലയത്തിൽ നടന്നത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചുരുക്കം പേർക്കു മാത്രമേ ചടങ്ങിന് ക്ഷണമുള്ളൂ.

ബന്ധുക്കളും സുഹൃത്തുക്കളും സഹ പ്രവർത്തകരുമായി ആയിരത്തോളം പേർക്ക് ആണ് മന:സ്സമ്മത സൽക്കാരം നടത്തുവാൻ ഉദ്ദേശിച്ചിരുന്നത്.

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സൽക്കാരം പരിമിതമായ ആളുകളിലേക്ക് ചുരുക്കുകയും, അതിനായി മാറ്റി വെച്ചിരുന്ന തുക കോവിഡ് കാലത്ത് ജോലിയില്ലാതെ കഷ്ടതയനുഭവിക്കുന്ന ആളുകളിലേക്ക് എത്തിക്കുന്നത് വലിയൊരു പുണ്യമായിരിക്കുമെന്നുള്ള ആശയം ദേവാലയ വികാരി ആന്റു ആലപ്പാട് ആണ് വധുവിന്റെ പിതാവ് ജോസ് മാമ്പിള്ളിയുമായി പങ്കു വെച്ചത്.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സായ മകൾ ഐമയുടെ പ്രതിശ്രുതവരൻ എറണാകുളം തച്ചംപുറത്ത് വീട്ടിൽ സിബിൻ ലേക് ഷോർ ആശുപത്രിയിലെ നഴ്സാണ്.

കത്തീഡ്രൽ ഇടവകയിലെ ദീപക ഫ്രണ്ട്സ് ക്ലബ്‌ പ്രസിഡണ്ടാണ് ജോസ് മാമ്പിള്ളി.

എ കെ സി സി മുൻ സംസ്ഥാന പരിസ്ഥിതി ചെയർമാൻ, കെ സി വൈ എം മുൻ രൂപതാ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കത്തീഡ്രൽ വികാരി റവ ഡോ ആന്റു ആലപ്പാടനു ജോസ് മാമ്പിള്ളി തുക കൈമാറി.