കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാംപിൾ ശേഖരണത്തിൽനിന്ന്‌ ഡോക്ടർമാർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവ് ഭേദഗതി ചെയ്തു


കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാംപിൾ ശേഖരണത്തിൽനിന്ന്‌ ഡോക്ടർമാർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവ് ഭേദഗതി ചെയ്തു.

കേരള ഗവ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്‌സുമാർ ഉയർത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ഭേദഗതി.

കോവിഡ് പരിശോധനയ്ക്കായി രോഗികളുടെ മൂക്കിൽനിന്നും തൊണ്ടയിൽനിന്നും സ്രവസാംപിൾ ശേഖരിക്കേണ്ടത് യഥാർത്ഥത്തിൽ ഡോക്ടർമാരാണ്.

എന്നാൽ, രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ടായാൽ നിലവിൽ ലഭ്യമായ ഡോക്ടർമാർ തികയാതെവരും. ഇത്തരം സാഹചര്യത്തിൽ നഴ്‌സുമാരും ലാബ് ടെക്‌നീഷ്യൻമാരും ഉൾപ്പടെയുള്ളവരെ ഇക്കാര്യത്തിന് നിയോഗിക്കേണ്ടതായി വന്നേക്കാം.

അതിനായി ഇവർക്ക് ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കി നിർത്തണം. ഇതാണ് ഐ സി എം ആർ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയ നിർദേശം.

നഴ്‌സുമാർക്ക് ഒന്നോ രണ്ടോ മണിക്കൂർ പരിശീലനം നൽകുകയും അടുത്ത ദിവസം മുതൽ സ്രവ സാംപിൾ ശേഖരണത്തിനായി അവരെ നിയോഗിക്കുകയുംചെയ്തുതുടങ്ങി. ഡോക്ടർമാർ കാഴ്ചക്കാരുടെ റോളിലേക്ക് മാറിത്തുടങ്ങി.

നിർഭാഗ്യവശാൽ 12- ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഡോക്ടർമാരുടെ താത്‌പര്യമനുസരിച്ച് വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് കെ ജി എൻ എ പ്രതിഷേധവുമായി രംഗത്തുവന്നത്.ഇതിനെത്തുടർന്നാണ് ഉത്തരവ് ഭേദഗതിവരുത്താൻ ആരോഗ്യവകുപ്പ് തയ്യാറായത്.

രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ടായാൽ സ്രവ സാംപിൾ ശേഖരണമുൾപ്പടെയുള്ളവ നിർവഹിക്കാൻ നഴ്‌സുമാർ സന്നദ്ധരാവും. പ്രതിഷേധത്തിന്റെ ഭാഗമായി പരിശീലന പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ സംഘടന തീരുമാനിച്ചിരുന്നു.

പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ മുൻപ് ചെയ്തിരുന്നതുപോലെ പരിശീലനത്തിൽ പങ്കെടുക്കുകയും സ്രവ സാംപിൾ ശേഖരണം നടത്തുന്ന ഡോക്ടറെ സഹായിക്കുകയും ചെയ്യും എന്ന് കെ ജി എൻ എ സംസ്ഥാനകമ്മിറ്റി അറിയിച്ചു