യു.എ.ഇ ഗ്രാന്റ് മോസ്ക് – രാജീവ് മുല്ലപ്പിള്ളി തന്റെ സന്ദർശനാനുഭവം എഴുതുന്നു

അബുദാബി : ഇരിങ്ങാലക്കുടയുടെ അഭിമാനമായ ‘നമ്മുടെ ഇരിങ്ങാലക്കുട’ ഫേയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി നടത്തിയ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് തയ്യാറാക്കിയ യാത്രാവിവരണം വായിക്കാം.

വായിച്ചു തുടങ്ങുക …

UAE യിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയാണ് അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് ഗ്രാന്റ് മോസ്ക് (Sheikh Zayed Grand Mosque). 41,000 ൽ പരം തീർത്ഥാടകരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിവുള്ള ഭീമാകാരനായ ഈ പള്ളി സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ഇന്നു ലഭിച്ചു. 1996 ൽ തുടങ്ങിയ ഈ പള്ളിയുടെ നിർമ്മാണം 2007 ഡിസംബർ 27നാണ് പൂർത്തിയായത്. 2 ബില്യൺ UAE ദിർഹം (ഏകദേശം 3600 കോടി രൂപ) യാണത്രേ ഇതിന്റെ മൊത്തം നിർമ്മാണച്ചെലവ്.
30 ഏക്കറോളം വിസ്തീർണ്ണമുള്ള സ്ഥലത്ത്
1380 അടി നീളവും, 950 അടി വീതിയും, മൊത്തം 1,80,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള ഈ പടുകൂറ്റൻ പള്ളിയുടെ നിർമ്മാണം ആരംഭിച്ചത് ഷേക്ക് സെയ്ദ് ബിൻ സുൽത്താൻ അൽ നഹിയാന്റെ കാലത്താണ്. ഇതിനിടയിൽ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തിന് നിത്യവിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നതും ഇതിനു സമീപത്തായി തന്നെയാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ എട്ടാം സ്ഥാനം ഈ പള്ളിക്കാണ്.

ഈ മഹത്തായ കലാശില്പം രൂപകല്പന ചെയ്തത് സിറിയൻ വാസ്തുകലാ വിദഗ്ദനായ യൂസഫ് അബ്ദൽകി (Yousef Abdelky)യാണ്. ഇവിടെ നിലത്ത് വിരിച്ചിരിക്കുന്ന 60,570 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അതിമനോഹരമായ കാർപ്പറ്റിന്റെ നിർമ്മാണം, 1300 ഓളം ജോലിക്കാർ ഏകദേശം രണ്ടു വർഷത്തോളം കഠിനാദ്ധ്വാനം ചെയ്താണ് പൂർത്തിയാക്കിയത്. ന്യൂസിലാൻറിൽ നിന്നും, ഇറാനിൽ നിന്നുമായി കൊണ്ടുവന്ന 35 ടണ്ണോളം കമ്പിളി നൂൽ ഉപയോഗിച്ച്, ഇവിടെ തന്നെയിരുന്ന് ജോലി ചെയ്താണ് ലോകത്തിലെ ഏറ്റവും വലിയ ഈ കാർപ്പറ്റ് അവർ നിർമ്മിച്ചത്. ഇറാനിയൻ കാർപ്പറ്റ് വിദഗ്ദനായ അലി ഖാലിക്കിയുടെ നേതൃത്വത്തിലായിരുന്നു ഇതിന്റെ നിർമ്മാണം. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത ഏഴ് ഷാന്റ്ലിയർ (chandeliers) അലങ്കാര വിളക്കുകൾ ഈ മനോഹരഹർമ്മ്യത്തിന്റെ അഭിമാനമായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ജാതിമതഭേദമെന്യേ നൂറു കണക്കിന് പേരാണ് കലാചാരുതയുടെ പര്യായമെന്നു വിശേഷിപ്പിക്കാവുന്ന ഈ രമ്യഹർമ്മം സന്ദർശിക്കാൻ ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. ഇവിടെ വരാനും, ലക്ഷക്കണക്കിനു വരുന്ന മുസ്ലീം സഹോദരങ്ങളുടെ ആരാധനാലയമായ
ഈ പള്ളി സന്ദർശിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഒരു അസുലഭ സൗഭാഗ്യം തന്നെയായി ഞാൻ കരുതുന്നു.