വിദ്യാവനം പദ്ധതിയ്ക്ക് തൃശ്ശൂർ ജില്ലയിൽ തുടക്കമായി


കേരള വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിയ്ക്ക് തൃശ്ശൂർ ജില്ലയിൽ തുടക്കമായി

തൃശ്ശൂർ സാമൂഹ്യ വനവൽക്കരണ ഡിവിഷന്റെ കീഴിൽ ചാലക്കുടി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിദ്യാവനം പദ്ധതി മാളയിലുള്ള ഡോ പൽപു മെമ്മോറിയൽ സ്കൂളിൽ മാള പഞ്ചായത്ത് പ്രസിഡൻറ് ശോഭ സുഭാഷ് ഉദ്ഘാടനം ചെയ്ത് ആരംഭം കുറിച്ചു

ജൂലൈ ഒന്നുമുതൽ ഏഴ് വരെയുള്ള വനമഹോത്സവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഈ വർഷം ആവിഷ്കരണം നടത്തുന്ന ഒരു പദ്ധതിയാണ് വിദ്യാവനം

സ്കൂൾ പരിസരത്ത് അഞ്ച് സെൻറ് സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

കാടിന്റെ പ്രതീതി സ്കൂൾ പരിസരത്ത് തന്നെ കുട്ടികളിൽ ഉളവാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്

വലിയ വൃക്ഷങ്ങൾ, ചെറിയ വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ചെറിയ സസ്യങ്ങൾ എന്നിവയെ പ്രത്യേകമായ ഡിസൈനിലാണ് നട്ടുവളർത്തുന്നത്

അതുവഴി പല അടുക്കുകൾ ഉള്ള മേലാപ്പ് സൃഷ്ടിക്കുവാൻ സാധിക്കും

തീവ്രപരിചരണം വഴി നൂറു വർഷത്തെ വളർച്ച ചുരുങ്ങിയ കാലഘട്ടം കൊണ്ട് കൈവരിക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത

തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളുമാണ് ഈ പദ്ധതിയിൽ നട്ടുവളർത്തുന്നത്

വിദ്യാർത്ഥികൾക്ക് ഉൾകാട്ടിൽ പോകാതെ തന്നെ വനത്തിനുള്ളിലെ അന്തരീക്ഷം തിരിച്ചറിയാനും അതിലെ സസ്യലതാദികളെകുറിച്ച് പഠിക്കുവാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

എൺപതോളം ഇനത്തിൽപ്പെട്ട വിവിധ വൃക്ഷങ്ങളും ചെറിയ സസ്യങ്ങളുമാണ് മാള ഡോ. പൽപ്പു മെമ്മോറിയൽ സ്കൂളിൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്

കരിമരുത്, വീട്ടി, കുന്നിവാക, ദന്തപ്പാല, അശോകം, നീർമരുത്, വെറ്റില, തിപ്പല്ലി, മലന്തങ്കര, ഉമ്മം എന്നിവയെല്ലാം ഇതിൽ പെടുന്നു

ചടങ്ങിന് സ്കൂൾ മാനേജർ എ ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു

സോഷ്യൽ ഫോറസ്ട്രി തൃശ്ശൂർ ഡിവിഷൻ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ പി എം പ്രഭു മുഖ്യാതിഥിയായിരുന്നു

പഞ്ചായത്ത് മെമ്പർ ആശ മനോജ്, ചാലക്കുടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സ്കറിയ, സ്കൂൾ ഹെഡ്മാസ്റ്റർ സി എ അഭിലാഷ്, പരിസ്ഥിതി പ്രവർത്തകൻ വി കെ ശ്രീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി ആർ ജോസഫ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു