മുരിയാട് ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടി ചെയ്യുന്ന അദ്ധ്യാപകർക്ക് പഞ്ചായത്ത് അധികൃതരിൽ നിന്ന് അനാസ്ഥയും ഭീഷണിയും : യൂത്ത് കോൺഗ്രസ്‌ സമരത്തിലേക്ക്


മുരിയാട് : ഗ്രാമപഞ്ചായത്തിലെ സിയോൺ ബിൽഡിംഗ്‌സിൽ ഒരുക്കിയിട്ടുള്ള പഞ്ചായത്ത് ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകരെ അവിടത്തെ വൃത്തിഹീനമായ സാഹചര്യങ്ങളും, മറ്റ് അസൗകര്യങ്ങളും ദുരിതത്തിലാക്കുന്നതായി യൂത്ത് കോൺഗ്രസ്സ് പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ജോലിയിലുണ്ടായിരുന്ന അദ്ധ്യാപകന് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം വരെ ഉണ്ടായി.

കുവൈറ്റിൽ നിന്നും വന്ന പ്രവാസി നേരിട്ട് ക്വാറന്റൈൻ സെന്ററിൽ എത്തുകയും മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന് അദ്ധ്യാപകൻ പ്രവാസിയുമായി ഇടപഴകുകയും, ഇതിൻ്റെ വെളിച്ചത്തിൽ അദ്ധ്യാപകന് നിരീക്ഷത്തിൽ പോകേണ്ട സാഹചര്യവും ഉണ്ടായി.

ഇക്കാര്യങ്ങൾ പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചപ്പോൾ “എല്ലാം ശരിയാക്കാം ” എന്ന മറുപടിയാണ് ലഭിച്ചതെന്നും, എന്നാൽ വീണ്ടും തൽസ്ഥിതി തുടർന്നപ്പോൾ “ഞങ്ങൾക്കും കുടുംബം ഉണ്ടെന്നും വീട്ടിൽ കുട്ടികളും പ്രായമായ മാതാപിതാക്കളും ഉണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കണമെന്നും” ചൂണ്ടിക്കാണിച്ച് അധികൃതരെ സമീപിച്ചപ്പോൾ ഭീഷണിയും മോശമായ മറുപടികളും ആണ് ലഭിച്ചതെന്നും അധ്യാപകർ അറിയിച്ചു.

ജോലി ഭാരം കൂടുതലാണെന്നും കൂടുതൽ പേരെ ഡ്യൂട്ടിക്ക് കൂട്ടണം എന്ന് അറിയിച്ചിട്ടും നാളിതുവരെ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്നും, സ്ത്രീകൾ ഉൾപ്പെടെയുള്ള അദ്ധ്യാപകർ ഡ്യൂട്ടിയിലുള്ള ഇവിടെ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും പറഞ്ഞു.

ഈ പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ മുരിയാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.

യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്‌, ജസ്റ്റിൻ ജോർജ്, എബിൻ ജോൺ എന്നിവർ സംസാരിച്ചു.