തലചായ്ക്കാനിടമില്ലാതെ ദുരന്തങ്ങൾ വേട്ടയാടിയ കുടുംബത്തിന് സ്നേഹക്കൂടൊരുക്കി സി.പി.ഐ


പൂമംഗലം : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയിൽ 14 നിർധന കുടുംബങ്ങൾക്ക് വീടുവെച്ചു നൽകാൻ പാർട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളിൽ വന്ന സീമയുടെയും പെൺകുട്ടികളുടെയും ദുരിതപൂർണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാർത്ത പാർട്ടി നേതൃത്വം ശ്രദ്ധിച്ചത്.തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തെ കുറിച്ചന്വേഷിച്ചു. പൂമംഗലം പഞ്ചായത്തിൽ പരേതനായ ദിലീപിന്റെ ഭാര്യ സീമയുടേയും പെൺമക്കളുടേയും ദുരന്തകഥ പാർട്ടി നേതാക്കളിൽ നൊമ്പരമുളവാക്കി.

8 വർഷം മുമ്പ് സർക്കാർ സഹായത്തോടെ വീടുനിർമ്മാണം ആരംഭിച്ചപ്പോഴാണ് ദിലീപ് രോഗബാധിതനാവുന്നത്. പിന്നെ ചികിത്സയിലായി ശ്രദ്ധ. വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ദിലീപിന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നെ ഈ കുടുംബത്തിന് ആശ്രയമായുണ്ടായിരുന്നത് സീമയുടെ സഹോദരനും അമ്മയും മാത്രമായിരുന്നു. പക്ഷേ വിധിയുടെ ക്രൂരത തുടരുകയായിരുന്നു. സഹോദരൻ ആത്മഹത്യ ചെയ്തു.ഏറെ വൈകാതെ അമ്മയും മരണത്തിന് കീഴടങ്ങിയപ്പോൾ വിധവയായ ഈ യുവതിയുടേയും കുട്ടികളുടേയും ജീവിതം കൂടുതൽ പ്രതിസന്ധിയിലാവുകയായിരുന്നു. മൂന്ന് പെൺമക്കളുമായി കയറി കിടക്കാനിടമില്ലാതെ ജീവിക്കേണ്ട ഒരമ്മയുടെ ആകുലതകൾ പറയേണ്ടതില്ലല്ലോ.

സീമയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനമൊരുക്കാൻ തീരുമാനിച്ചു.പാർട്ടി മെമ്പർമാരുടെ അകമഴിഞ്ഞ സഹകരണവും കൂടിയായപ്പോൾ കാര്യങ്ങൾ ലക്ഷ്യത്തോടടുത്തു.

വരുന്ന ഏപ്രിൽ 1 ന് രാവിലെ 10.30 ന് പൂമംഗലം പഞ്ചായത്തിലെ തലിക്കൽ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഗൃഹനിർമ്മാണ ചടങ്ങിൽ പങ്കെടുക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പ്‌ മന്ത്രി വി.എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഇരിങ്ങാലക്കുട ടൈംസിനെയറിയിച്ചു.