കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എ ഐ വൈ എഫ് പ്രക്ഷോഭം


രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേയും, കോവിഡ് 19 എന്ന മഹാമാരി പടരുന്ന സമയത്തും നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരേയും എ ഐ വൈ എഫ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

കൽക്കരി, ആരോഗ്യം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, വ്യോമയാനം, ആണവോർജ്ജം തുടങ്ങി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കാവുന്ന എല്ലാ തന്ത്രപ്രധാനമായ മേഖലകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനമാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇത് പൊതുസ്വത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്നും, കോവിഡിന്റെ മറവിൽ രാജ്യം വിറ്റ് തുലയ്ക്കുക എന്ന നയമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സൂചിപ്പിച്ചു കൊണ്ടാണ് എ ഐ വൈ എഫ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

പടിയൂരിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു ഉൽഘാടനം ചെയ്തു.

കല്ലേറ്റുങ്കരയിലും പുല്ലൂരും മണ്ഡലം സെക്രട്ടറി ടി വി വിബിൻ, കാറളത്തും കൊമ്പിടിയിലും മണ്ഡലം വൈസ് പ്രസിഡണ്ട് പി ആർ അരുൺ, താണിശ്ശേരിയിൽ എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് ശ്യാംകുമാർ, ഇരിങ്ങാലക്കുടയിൽ സി പി ഐ ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ്, കാട്ടൂരിൽ എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം ടി കെ രമേഷ് എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി എസ് കൃഷ്ണകുമാർ, ടി കെ സതീഷ്, വിഷ്ണു ശങ്കർ, വി ആർ അഭിജിത്ത്, പി എസ് മിഥുൻ, ഷാഹിൽ, യദുകൃഷ്ണൻ, ടി എസ് അഖിൽ, ജോജോ തട്ടിൽ, റിയാസ്, സുനിൽ എന്നിവർ വിവിധ മേഖലകളിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.