മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ 60ൻ്റെ നിറവിൽ

മോഹൻലാൽ – ആ പേര് മലയാളികൾക്ക് എന്നും വിസ്മയമാണ്.

കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയുടെ ആസ്വാദക സങ്കല്പങ്ങൾ അഭ്രപാളിയിൽ പകർന്നാടി അത്ഭുതം സൃഷ്ടിച്ച മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ.

1978ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അഭിനയിച്ച “തിരനോട്ട”മാണ് മോഹൻലാലിന്റെ ആദ്യ ചിത്രം.

എന്നാൽ മലയാളി കണ്ടു തുടങ്ങിയ ആദ്യ ചിത്രം 1980 ൽ പുറത്തിറങ്ങിയ “മഞ്ഞിൻ വിരിഞ്ഞ പൂക്കളാ”യിരുന്നു.

പേരു പോലെ തന്നെ സവിശേഷതകൾ നിറഞ്ഞ ഈ ചിത്രം സിനിമക്ക് നൽകിയ സംഭാവനകൾ കലാകേരളം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

പുതുമുഖങ്ങളായ മോഹൻലാലും ശങ്കറും പൂർണ്ണിമയും സംഗീത സംവിധായകൻ ജെറി അമൽദേവും സംവിധായകൻ ഫാസിലും നിർമ്മാതാവ് നവോദയ അപ്പച്ഛനും പിൽക്കാലത്ത് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി.

വില്ലനിൽ നിന്ന് നായകനിലേക്ക്

വില്ലൻ കഥാപാത്രങ്ങളിലുടെയാണ് മോഹൻലാൽ സിനിമയിൽ സജീവമായത്.

പതിയെ പതിയെ അദ്ദേഹം നായകവേഷത്തിലേക്ക് പടർന്നു കയറി.

ഏതു തരം റോളും തനിക്കിണങ്ങുമെന്ന് തെളിയിച്ച മോഹൻലാൽ സത്വസിദ്ധമായ അഭിനയ ശൈലിയുടെ പ്രതീകമാണ്.

വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് സാധാരണക്കാരനിലേക്കും അധോലോക നായകന്മാരിലേക്കും നടത്തിയ ഭാവപകർച്ചകൾ പ്രേക്ഷകർ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

സാധാരണക്കാരന്റെ നായക പരിവേഷത്തിന് തന്റെ സതീർത്ഥ്യൻ കൂടിയായ പ്രിയദർശനോടും സത്യൻ അന്തിക്കാടിനോടും കമലിനോടുമാണ് മോഹൻലാൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്.

1980 കളിൽ ഈ കൂട്ടായ്മകൾ മലയാളത്തിന് സമ്മാനിച്ചത് സരസങ്ങളായ നിരവധി കുടുംബ ചിത്രങ്ങളായിരുന്നു.

അഭിനയത്തിന്റെ രസതന്ത്രം

1990 കളിൽ മലയാളി എന്നും മനസ്സിൽ താലോലിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളെയാണ് മോഹൻലാലിന് ലഭിച്ചത്.

സിബി മലയിൽ – മോഹൻലാൽ, പ്രിയദർശൻ- മോഹൻലാൽ, ഐ വി ശശി – മോഹൻ ലാൽ, തമ്പി കണ്ണന്താനം – മോഹൻലാൽ എന്നീ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എക്കാലത്തെയും ഹിറ്റുകളായി.

2000നു ശേഷവും ജൈത്രയാത്ര തുടരുന്ന ലാലിന്റെ ഒട്ടേറെ കഥാപാത്രങ്ങൾ മികവുറ്റ അഭിനയത്തിന്റെ നേർ സാക്ഷ്യങ്ങളാണ്.

ലാലിന്റെ അഭിനയത്തിന്റെ രസതന്ത്രം മലയാളിക്ക് മുന്നിൽ അവതരിപ്പിക്കാനായതാണ് ഇക്കാലയളവിൽ എടുത്തു പറയേണ്ട സവിശേഷത.

200 കോടി ക്ലബ്ബിൽ കയറിയ ലാൽ ചിത്രങ്ങൾ കഴിഞ്ഞ രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ പുറത്തിറങ്ങിയെന്നതും ചെറിയ കാര്യമല്ല.

പ്രിയദർശൻ ചിത്രമായ “മരയ്ക്കാർ : അറബിക്കടലിന്റെ സിംഹ” മാണ് റിലീസിങ്ങ് കാത്തിരിക്കുന്ന ലാൽ ചിത്രം.

ഡോക്ടർ, പത്മശ്രീ, പത്മഭൂഷൺ, ലഫറ്റനന്റ് കേണൽ മോഹൻലാൽ

കഴിഞ്ഞ നാലു ദശകത്തിനുള്ളിൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മോഹൻലാലിനെ തേടിയെത്തി.

രാജ്യത്തെ ഉന്നതമായ സിവിലിയൻ ബഹുമതികളായ പത്മശ്രീയും പത്മഭൂഷണും പോരാത്തതിന് ലഫ്റ്റന്റ് കേണൽ പദവിയും മോഹൻലാലിന്റെ കിരീടത്തിൽ ചാർത്തിയ പൊൻ തൂവലുകളാണ്.

ഇന്ത്യൻ ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ നാലാമത്തെ സിവിലിയൻ ബഹുമതിയായ “പത്മശ്രീ” 2001ൽ സമ്മാനിക്കപ്പെട്ടതെങ്കിൽ, 2009 ൽ മൂന്നാമത്തെ സിവിലിയൻ ബഹുമതി “പത്മഭൂഷൻ” നൽകിയാണ് രാജ്യം മോഹൻലാലിനെ ആദരിച്ചത്.

2009 ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയാണ് “ലഫ്റ്റനന്റ് കേണൽ” പദവി സമ്മാനിച്ചത്.

ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകുകയുമുണ്ടായി.

അറുപതാം ജന്മദിനത്തിൽ മലയാളത്തിന്റെ മഹാനടന്
“ഇരിങ്ങാലക്കുട ടൈംസി”ൻ്റെ പിറന്നാൾ ആശംസകൾ.

ഹരി ഇരിങ്ങാലക്കുട