ഷീ സ്മാർട്ട് അഗ്രികൾച്ചറൽ നേഴ്സറിയും സർവ്വീസും ആരംഭിക്കുന്നതിനായി 25,000 പച്ചക്കറി തൈകൾക്ക് വിത്ത് നട്ടു


ഇരിങ്ങാലക്കുട : തൃശ്ശൂർ റീജണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള 700 പേരടങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ വനിതാ തൊഴിൽ സംരംഭകത്വ ഗ്രൂപ്പായ ഷീ സ്മാർട്ടിന്റെ കാർഷിക നഴ്സറിയുടെയും കാർഷിക സർവീസ് സെന്ററിന്റേയും ആരംഭം കുറിക്കുന്നതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ നേഴ്സറി സർവ്വീസ് സെന്ററിന്റെ പണികൾ പുരോഗമിക്കുന്നു.

അതിനായി ഒരു ലക്ഷം പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കുന്നതിന്റെ ഒന്നാംഘട്ടമായി 25000 പച്ചക്കറി തൈകൾക്ക് വിത്തു പാകി.

ഉടൻ ആരംഭിക്കുന്ന ഫാമിലി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കൂടുതൽ വിളവ് തരുന്നതും വേഗം തന്നെ കായ്ക്കുന്നതുമായ ഫലവൃക്ഷതൈകൾ, അലങ്കാരച്ചെടികൾ, വിവിധ ഇനം വിത്തുകൾ, ജൈവവള കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകുന്നതാണ്.

കൃഷിയിൽ പരിചയ സമ്പന്നരായ സ്ത്രീ തൊഴിലാളികളുടെ വാർഷിക ഷീ സെൽഫിയുടെ സേവനം ഒരു ഫോൺ കോളിലൂടെ നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ്.

പച്ചക്കറി കൃഷി, അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, പൂന്തോട്ടം, മഴമറ, തിരി നന,ഗ്രോബാഗ് കൃഷികൾ എന്നിവ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നതായിരിക്കും.

സംഘം വൈസ് പ്രസിഡണ്ട് അജോ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ റിട്ടയർ കൃഷി ഓഫീസർ വി സി സുകുമാരന്റെ കയ്യിൽ നിന്ന് സംഘം പ്രസിഡന്റ് പി ഭാസി വിത്ത് ഏറ്റുവാങ്ങി ഉദ്ഘാടനം നടത്തി.

ഡയറക്ടർമാരായ അജിത്ത് കീരത്ത്, ഭാസി തച്ചപ്പിള്ളി, ഇബ്രാഹിം കളക്കാട്, ഹാജിറ റഷീദ് എന്നിവർ പങ്കെടുത്തു.

സംഘം സെക്രട്ടറി പി എച്ച് ഹില സ്വാഗതവും, ഷീ സ്മാർട്ട്‌ സെക്രട്ടറി നീന ആന്റണി നന്ദിയും പറഞ്ഞു.