ഹയർ സെക്കണ്ടറി, എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മാസ്‌ക് നിർമ്മിച്ചു നൽകി നാഷണൽ സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി


സ്വന്തം വിദ്യാലയത്തിലെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്ക് മാസ്‌ക് നിർമ്മിച്ചു നൽകി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി.

ഹയർ സെക്കണ്ടറിയിൽ പൊതു പരീക്ഷയെഴുതുന്ന അറുന്നൂറോളം കുട്ടികൾക്കും, എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മുന്നൂറ്റി അറുപതോളം കുട്ടികൾക്കുമാണ് ഇവർ മാസ്ക് നിർമ്മിച്ചു നൽകിയത്.

ഈ പറയുന്ന ആയിരത്തി ഒരുന്നൂറോളം മാസ്‌ക് സ്കൂൾ വിദ്യാർത്ഥികൾ സ്വയം തുന്നി തയ്യാറാക്കിയതാണ്.

സ്ക്കൂൾ മാനേജ്മെന്റ് പ്രതിനിധി വി പി ആർ മേനോന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ വി വി ലിഷ, ഹെഡ്മിസ്ട്രസ് എം വി കാഞ്ചന എന്നിവർ ചേർന്ന് സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഒ എസ് ശ്രീജിത്തിന്റെ കൈകളിൽ നിന്നും മാസ്ക് ഏറ്റുവാങ്ങി.

സ്കൂൾ മാനേജർ രുക്മണി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

എൻ എസ് എസ് വളണ്ടിയേഴ്‌സായ അമൽ ജയറാം, എസ് വിഷ്ണു ദേവ്, ആദർശ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

സ്വന്തം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും മാസ്‌ക് നിർമ്മിച്ചു നൽകിയ ദേവിക എസ് നമ്പൂതിരി, ടി ആർദ്ര രാജ് എന്നിവരെ അഭിനന്ദിച്ചു.

നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാന തലത്തിൽ പത്തു ലക്ഷവും, ജില്ലാ തലത്തിൽ ഒരു ലക്ഷവും മാസ്‌കുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആയിരത്തി ഒരുന്നൂറ് മാസ്ക് ചലഞ്ച് ഏറ്റെടുത്തിരുന്നു.