ലോക്ക് ഡൗൺ ദിനങ്ങൾ സമൂഹത്തിനായി പ്രയോജനപ്പെടുത്തി ഊരകം സ്വദേശികളായ നസീനയും ബുഷറയും മാതൃകയാവുന്നു


ഇരിങ്ങാലക്കുട :കോവിഡിനെ തുടർന്ന് ദിവസങ്ങളായി ജോലിയില്ലെങ്കിലും തങ്ങളുടെ സേവനം സമൂഹത്തിനായി പ്രയോജനപ്പെടുത്തി ഊരകം സ്വദേശികളായ നസീനയും ബുഷറയും മാതൃകയാവുന്നു.

മറ്റൊന്നിനും ഉപകരിക്കാതെ  കളയാൻ വേണ്ടി മാറ്റിവെച്ചിരുന്ന കട്ട്പീസ് തുണികൾ ഉപയോഗിച്ച്  ഇവർ നിർമ്മിച്ചതാകട്ടെ ആയിരത്തോളം മാസ്കുകൾ….!!

മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട ഊരകത്തു താമസിക്കുന്ന സഹോദരങ്ങളായ പുത്തൻപീടികയിൽ നൗഷാദിന്റെ ഭാര്യ നസീനയും സുധീറിന്റെ ഭാര്യ ബുഷറയുമാണ്  ഈ കൊറോണക്കാലത്തും സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃക പ്രകടമാക്കിയത്.

ഊരകം നോറ കർട്ടൻ നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരുവരും.

കോവിഡിനെ തുടർന്ന് ലോക് ഡൗണായതോടെ ഇവർക്കും പണിയില്ലാതെയായി.

കർട്ടൻ തുന്നിയതിനു ശേഷം ബാക്കി വന്ന ഉപയോഗിക്കാൻ സാധിക്കാത്ത കട്ട് പീസ് തുണികൾ നേരത്തെ മാറ്റി വെച്ചിരുന്നു. അവ പിന്നീട് നശിപ്പിക്കാനായിരുന്നു ഉദ്ദേശ്യം.

എന്നാൽ ആ തുണികൾ ഉപയോഗിച്ചു മാസ്ക് നിർമ്മിക്കാമെന്നു കണ്ടതോടെയാണ്  ഇരുവരും അതിനൊരുമ്പെട്ടത്.

അതോടെ നേരത്തെയുണ്ടായിരുന്നതിനേക്കാൾ  പണിത്തിരക്കായി ഇരുവർക്കും.

തങ്ങൾ നിർമ്മിച്ച മാസ്കുകൾ നാട്ടിൽ തന്നെ സൗജന്യമായി നൽകാനായി ഇരുവരും ബ്ളോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയെ ഏൽപ്പിച്ചു.

ഊരകത്തെ ആരോഗ്യ കേന്ദ്രം വഴിയാകും ഇത് വിതരണം ചെയ്യുക എന്ന് തോമസ് തത്തംപിള്ളി അറിയിച്ചിട്ടുണ്ട്.