സുവർണ്ണ പുരുഷനും പ്രേമസൂത്രവും തീയ്യറ്ററുകളിലേക്ക്… പടിയൂർ സ്കൂളിന് അഭിമാന നിമിഷങ്ങൾ…

പടിയൂർ : ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പ്രൈമറി സ്കൂൾ കാലഘട്ടം. ഒരുപാട് തലമുറകളുടെ ജീവിതസ്പന്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ച പടിയൂർ എസ്.എൻ.വി.എൽ.പി സ്കൂൾ ഇന്നിതാ മറ്റൊരു നേട്ടത്തിന് കൂടി സാക്ഷിയാവുകയാണ്. കാലം ഈ സ്കൂളിലെ കുരുന്നുകളെ ജഡ്ജിയായും അധ്യാപകരായും ഡോക്ടർമാരായും ശാസ്ത്രജ്ഞരായും മറ്റു വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിച്ചവരായും വളർത്തിയപ്പോൾ വ്യത്യസ്തരാവുന്നത് തിരശ്ശീലയിൽ വരും ദിവസങ്ങളിൽ റിലീസിന് ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളുടെ അമരക്കാരാണ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ലിറ്റി കെ ജോർജ് നിർമ്മിച്ച് പടിയൂരുകാരൻ തന്നെയായ സുനിൽ പൂവേലി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “സുവർണ്ണ പുരുഷ”നും കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രാഘുനാഥൻ വൈദ്യർ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ” പ്രേമസൂത്ര”വുമാണ് ഈ രണ്ടു ചിത്രങ്ങൾ. ഒരിടത്തൊരു പുഴയുണ്ട്, ഷേക്സ്പിയർ എം എ മലയാളം, ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളിലൂടെ സിനിമരംഗത്ത് ശ്രദ്ധേയരായവരാണ് ജിജു അശോകനും രഘുവൈദ്യരുമെങ്കിൽ ഈ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് ലിറ്റിയും സുനിലും. ബ്രസൽസിലെ ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയുടെ എം ഡി ആയി ചെറിയ പ്രായത്തിൽ തന്നെ ഈ സ്കൂളിന്റെ പേര് വാനോളം ഉയർത്തിയ ലിറ്റി പ്രേമസൂത്രം എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ്. ഈ രണ്ടു ചിത്രങ്ങളും അഭ്രപാളികളിൽ നിറയുമ്പോൾ പൂർണ്ണമാവുന്നത് ഒരു സ്കൂളിന്റെ വാഗ്ദാനവും ഒരു കൊച്ചു നാടിന്റെ സ്വപ്നങ്ങളും കൂടിയാണ്..