ഇത് ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചും എല്ലാ കലാസൃഷ്ടികളും സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ പുതിയ നിയമങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും അന്തര്‍ദ്ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്രമായ എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍.

ഇരിങ്ങാലക്കുട : ഉയർന്നു കേൾക്കുന്ന ചെണ്ടയുടെ ശബ്ദത്തിനു ചുവട്ടിലേക്ക് ജനങ്ങൾ അടുത്തുകൂടി.നിമിഷ നേരം കൊണ്ട് ഇരിങ്ങാലക്കുട മുൻസിപ്പൽ ബസ് സ്റ്റാന്റിൽ ആളുകൾ ചുറ്റും കൂടിയതോടെ താടി നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി. ഞാൻ സനൽകുമാർ ശശിധരൻ.’എന്റെ സിനിമയാണ് എസ് ദുർഗ.ഇത് നിങ്ങൾ കാണണം.സംസാരം തുടരുന്നതിനിടെ പ്രതിഷേധ ശബ്ദമുയർത്തി ഒരാൾ വേദിയിലേക്ക് കടന്നു വന്നു.എനിക്ക് നാടകം കളിക്കണം,സിനിമ എടുക്കണം എന്നുറക്കെ പറഞ്ഞ് മറ്റൊരാൾ എത്തി.ടെലിവിഷൻ മോണിട്ടർ തലപ്പാവാക്കിയ അയാൾ ഇത് ഭാരതമാണ് ഇവിടെയിതൊന്നും നടപ്പില്ല എന്ന് അട്ടഹസിക്കുന്നു. എസ് ദുർഗ സിനിമയുടെ പ്രചരണാർഥം എത്തിയ സംഘം അവതരിപ്പിച്ച തെരുവ് നാടകത്തിലാണ് ഒരോ ദൃശ്യങ്ങൾ അരങ്ങേറിയത്.സൗദി പോലുള്ള രാജ്യം പോലും സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങള്‍ തേടുമ്പോള്‍ സ്വതന്ത്ര കലാസൃഷ്ടികളെ ശ്വാസംമുട്ടിക്കുന്ന നിബന്ധനകളാണ് രാജ്യം ഭരിക്കുന്നവര്‍ പറയുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സിനിമയ്ക്ക് നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ കേരളത്തിലെ കലാകാരന്‍മാരും ബുദ്ധിജീവികളും കാര്യമായി പ്രതികരിച്ചില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ ഉന്മാദിയുടെ മരണത്തിലെ ഉന്മാദിയെ കേന്ദ്രീകരിച്ചുകൊണ്ട് അവതരിപ്പിച്ച നാടകവും ചുറ്റും തങ്ങികൂടിയ കാണികള്‍ക്ക് പുതിയ അനുഭവമായി. സ്വപ്‌നം കാണാനുള്ള അവകാശങ്ങള്‍ക്കായി പോരാടുന്ന ഉന്മാദിയെ മര്‍ദ്ദിച്ചും കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ഉദ്യോഗസ്ഥനും നാടകത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. ഉന്മാദിയായി സുനില്‍ ആര്‍.എസ്സും സെന്‍സര്‍ ഉദ്യോഗസ്ഥനായി അരുണ്‍ സോളും വേഷമിട്ടു. നടന്‍ വേദ്, അരുണ്‍ ദേവ്, സനോജ്, സഞ്ജൂസ് എന്നിവരും സംവിധായകനൊപ്പമുണ്ടായിരുന്നു.

ഇരിങ്ങാലക്കുട ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് സൊസൈറ്റി പ്രവര്‍ത്തകരായ നവീന്‍ ഭഗീരഥന്‍, മനീഷ് അരീക്കാട്ട്, ജോസ് മാമ്പിള്ളി, ബിനു ശാരംഗദരന്‍, സിബിന്‍ ടി.ജി.രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 23,24 തീയതികളില്‍ ചെമ്പകശ്ശേരി സിനിമാസില്‍ രാവിലെ പത്തിനാണ് എസ്. ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നത്.