നിർണ്ണായക ഘട്ടത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പേവാർഡ് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി കൊറോണ ഐസൊലേഷൻ വാർഡാക്കി മാറ്റി “സേവ് ഇരിങ്ങാലക്കുട” മാതൃകയായി


ഇരിങ്ങാലക്കുട : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജനത പേവാർഡ് അറ്റകുറ്റപ്പണികൾ നടത്തി കൊറോണ ഐസൊലേഷൻ വാർഡിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി “സേവ് ഇരിങ്ങാലക്കുട” ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ മിനി മോൾക്ക് കൈമാറി മറ്റുള്ളവർക്ക് മാതൃകയായി.

ഏഴു മുറികളുള്ള ഐസൊലേഷൻ വാർഡിൽ ഇന്നു തന്നെ കൊറോണ നിരീക്ഷണത്തിലുള്ള രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

നിലവിൽ തൃശൂർ ജില്ലയിൽ മെഡിക്കൽ കോളേജിലും തൃശൂർ ജനറൽ ആശുപത്രിയിലും മാത്രമാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും ഇതിനായുള്ള സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ആശുപത്രി കെട്ടിടങ്ങൾക്ക് ഒട്ടേറെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ട അവസ്ഥയായിരുന്നതിനാൽ അതു നടന്നില്ല.

ഒട്ടേറെ ചെലവുള്ള പദ്ധതിയാണെങ്കിലും, ഹോസ്പിറ്റൽ സൂപ്രണ്ടിന്റെ അഭ്യർത്ഥനപ്രകാരം “സേവ് ഇരിങ്ങാലക്കുട”യുടെ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

“സേവ് ഇരിങ്ങാലക്കുട”യുടെ അംഗങ്ങളിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് കേവലം നാലു ദിവസങ്ങൾ കൊണ്ട് ഐസൊലേഷൻ വാർഡ് നവീകരണം പൂർത്തിയാക്കിയത്.

ഇന്നു നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് മിനിമോൾ, “സേവ് ഇരിങ്ങാലക്കുട” ചെയർമാൻ അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി അഡ്വ പി ജെ ജോബി, ഷിജിൻ തവരങ്ങാട്ടിൽ, ടി ജി സിബിൻ, ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.