അനധികൃത തെരുവുകച്ചവടത്തിനെതിരെ ആരോഗ്യവിഭാഗത്തിന്റെ നടപടി


ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് പരിസരത്ത്,കൊടുങ്ങല്ലൂര്‍
ബസ് സ്റ്റോപ്പിന് അടുത്തായി റോഡരികിൽ നടത്തി വന്ന അനധികൃത പച്ചക്കറി കച്ചവടത്തിന് എതിരെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടി .പച്ചക്കറികൾ വാങ്ങിക്കുവാൻ ആളുകൾ തടിച്ച് കൂടുന്നു എന്ന വിവരം പോലീസ് ഉദ്യോഗസ്ഥർ നഗരസഭ അധികൃതരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് വൺ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബേബിയുടെ നേതൃത്വത്തിൽ എത്തിയ ആരോഗ്യവിഭാഗം പച്ചക്കറികൾ പിടിച്ചെടുത്ത് തെരുവുകച്ചവടം അവസാനിപ്പിച്ചു.

പാലക്കാട് സ്വദേശി സുരേഷാണ് കച്ചവടം നടത്തി വന്നിരുന്നത്. പച്ചക്കറിയുടെ മൊത്തവ്യാപാരികൾ പുറം തള്ളുന്ന പച്ചക്കറികൾ ശേഖരിച്ച് വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്.

കോറോണ വ്യാപനത്തിന് എതിരായുള്ള പ്രതിരോധ നടപടികളും കച്ചവടകേന്ദ്രത്തിനടുത്ത് സ്വീകരിച്ചിരുന്നില്ല.ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വൈ .സനോജ്, അബീഷ് ആന്റണി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.