വനിതാ കമ്മീഷൻ പ്രഥമ മാധ്യമ പുരസ്കാരം :സെബി മാളിയേക്കലിന്


ആലപ്പുഴ :സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ മാധ്യമ പുരസ്കാരത്തിന് അച്ചടി വിഭാഗത്തിൽ ദീപിക  പത്രാധിപസമിതി അംഗം സെബി മാളിയേക്കൽ അർഹനായതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങിയതാണ് പുരസ്കാരം.
കാലുകൊണ്ട് കാർ ഓടിക്കുന്ന ആദ്യ വനിത യാകാൻ ഹൈക്കോടതിയുടെ നീതിതേടി ജനശ്രദ്ധ നേടിയ,  ഇരു കൈകളും ഇല്ലാത്ത ഗ്രാഫിക് ഡിസൈനർ കൂടിയായ ജിലു മാരിയറ്റ് തോമസിനെ കുറിച്ചുള്ള വാർത്തയാണ് സെബി മാളിയേക്കലിനെ അവാർഡിന് അർഹനാക്കിയത്.
 സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ടൗൺഹാളിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിന ആഘോഷ സമ്മേളനത്തിൽ അവാർഡ് സമ്മാനിച്ചു.
ദീപിക തൃശ്ശൂർ യൂണിറ്റിൽ  സബ് എഡിറ്ററാണ് സെബി മാളിയേക്കൽ. ഇരിങ്ങാലക്കുട കടുപ്പശ്ശേരി മാളിയേക്കൽ പരേതനായ പോൾസന്റേയും സെലീനയുടെയും മകനാണ്,  ഭാര്യ ആൻജിൽ കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മക്കൾ അന്ന തെരേസ്  (ഡോൺബോസ്കോ സ്കൂൾ, ഇരിങ്ങാലക്കുട),  ആഗ്നസ് മേരി.
 അച്ചടി വിഭാഗത്തിൽ വീണ ചിറക്കൽ (മാതൃഭൂമി),  ദൃശ്യമാധ്യമ വിഭാഗത്തിൽ മിഥില ബാലൻ(മനോരമ ന്യൂസ്),കൃപ നാരായണൻ  (മീഡിയ വൺ) എന്നിവരും അവാർഡിന് അർഹരായി. ഇംഗ്ലീഷ് ദൃശ്യമാധ്യമ വിഭാഗത്തിൽ ഇന്ത്യ എഹെഡിലെ റിക്സൺ ഉമ്മൻ വർഗീസ് പ്രത്യേക പരാമർശം നേടി.
വനിതാകമ്മീഷൻ അംഗങ്ങളായ എം.എസ്.താര,  ഷിജി ശിവജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.