പാരിസ്ഥിതികം 2020: ക്യാമ്പസ് വനവത്കരണ പദ്ധതിയ്ക്ക് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി


ഇരിങ്ങാലക്കുട : പാരിസ്ഥിതികം 2020ന്റെ  ഭാഗമായി ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി പഠന വകുപ്പിന്റെ നേതൃത്വത്തിൽ വനം,  വന്യജീവി സംരക്ഷണം,  വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളിൽ ഏകദിന ക്ലാസ് സംഘടിപ്പിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സഹകരണത്തോടുകൂടി പരിസ്ഥിതി പഠന വകുപ്പും കോളേജിലെ ഭൂമിത്രസേന,  ബയോഡൈവേഴ്സിറ്റി ക്ലബ്,  എൻവിറോ ക്ലബ്‌ എന്നിവ സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. തൃശ്ശൂർ സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റന്റ് കൺസർവേറ്റർ പ്രഭു പി എം ഉദ്ഘാടനം നിർവഹിച്ചു.
 പാരിസ്ഥിതികം 2020 പ്രവർത്തനങ്ങളുടെ ഭാഗമായി ‘മിയാ വാക്കി’ മോഡൽ വനവൽക്കരണത്തിനാണ്  പരിസ്ഥിതി സൗഹൃദ കലാലയം എന്ന് പേര് കേട്ട ക്രൈസ്റ്റ് കോളേജിൽ തുടക്കമായത്.  ഓരോ കലാലയത്തിലും ഒരു ചെറിയ കാട് വെച്ചുപിടിപ്പിക്കുക എന്ന മഹത്തരമായ ഉദ്യമത്തിനാണ്  ക്രൈസ്റ്റ് കോളേജ് ചുക്കാൻ പിടിക്കുന്നത്.കേരളത്തിൽ തന്നെ കലാലയങ്ങളിൽ ഇതാദ്യമായാണ് ഒരു കോളേജിൽ ഇത്തരമൊരു വനവൽക്കരണ രീതിയിൽ നടപ്പിലാക്കുന്നത്.
 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ സാങ്കേതിക തലങ്ങളെ പറ്റിയും ആസ്വാദന രീതിയെ പറ്റിയും മുഖ്യാതിഥി പ്രഭു പി എം പരാമർശിച്ചു. കാടിനെ അറിയാൻ താൻ നടത്തിയ യാത്രകളിൽ തനിക്കുണ്ടായ രസകരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.
ഇരവികുളം നാഷണൽ പാർക്കിനെ  ആസ്പദമാക്കി നിർമ്മിച്ച ‘വിസ്പർ ഓഫ് സൈലൻസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു.
 പ്രിൻസിപ്പാൾ ഡോ മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി വിഭാഗം അധ്യാപികയും മുഖ്യസംഘാടകയുമായ ഡോ രേഖ വി ബി സ്വാഗതം പറഞ്ഞു.വൈസ് പ്രിൻസിപ്പാൾ ഫാ ജോയ് പി ടി ആശംസകളും പരിസ്ഥിതി പഠനവിഭാഗം അധ്യാപിക ഡോ മഞ്ജു എൻ ജെ നന്ദിയും പറഞ്ഞു.