ജി.വി. രാജ പുരസ്കാര നിറവിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിന് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച കായിക കോളേജിനു ജി. വി. രാജ പുരസ്കാരം.

കായികരംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രൈസ്റ്റ് കോളേജിന് ജി.വി രാജ പുരസ്കാരം മികവിനുള്ള അംഗീകാരമായി.

ഈ വർഷത്തെ മികച്ച സ്പോർട്സ് ഹോസ്റ്റൽ സ്റ്റുഡന്റിനുള്ള ജി.വി. രാജ പുരസ്കാരവും ക്രൈസ്റ്റ് കോളേജിലെ നിബിൻ ബൈജുവാണ് നേടിയത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടർച്ചയായി മൂന്ന് വർഷം ഓവറോൾ ചാമ്പ്യൻ പട്ടം നേടിയ ക്രൈസ്റ്റ് കോളേജ് ഈ വർഷം അത് ലറ്റിക്സ് പുരുഷ-വനിത വിഭാഗങ്ങളിൽ ഒന്നാമത് എത്തുന്ന ആദ്യ കോളേജ് എന്ന നേട്ടത്തിനർഹമായിരുന്നു.

നിരവധി ദേശീയ, അന്തർദേശീയ കായികതാരങ്ങൾക്ക് ജന്മമേകിയ ക്രൈസ്റ്റ് കലാലയത്തിന് ജി.വി. രാജ പുരസ്കാരത്തിലൂടെ സംസ്ഥാന സർക്കാരിന്റെ അംഗീകാരവും തേടിയെത്തി.

കഴിഞ്ഞ വർഷം 48 ടീമുകളെ അണിയിച്ചൊരുക്കി വിവിധ തലങ്ങളിൽ 67 ട്രോഫികളും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിൽ 11 എണ്ണത്തിൽ ഒന്നാം സ്ഥാനവും, 17 എണ്ണത്തിൽ രണ്ടാം സ്ഥാനവും, 8 എണ്ണത്തിൽ മൂന്നാം സ്ഥാനവും നേടി കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 51 വർഷത്തെ ചരിത്രത്തിൽ തന്നെ റെക്കോർഡ് പോയിന്റുകളോടെ ഓവറോൾ ചാമ്പ്യൻഷിപ്പും, പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, വനിതാ വിഭാഗത്തിൽ മുൻ ചാമ്പ്യൻമാരായിരുന്ന പല വനിതാ കോളേജുകളെയും പിൻതള്ളി രണ്ടാംസ്ഥാനവും, ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സ്പോർട്സ് പ്രമോട്ടിങ് കോളേജിനുള്ള 2018ലെ പി.ഇ.എഫ്.ഐ ഡോ. പി.എം ജോസഫ് അവാർഡും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നേടി.

അന്തർദേശീയ തലത്തിൽ നാല് സ്വർണവും ഒരു വെങ്കലവുമടക്കം അഞ്ച് മെഡലുകളും, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി തലത്തിൽ മൂന്ന് സ്വർണവും, നാലു വെള്ളിയും, എട്ട്‌ വെങ്കലവുമടക്കം 15 മെഡലുകളും, ദേശീയതലത്തിൽ 14 സ്വർണ്ണവും, 7 വെള്ളിയും, 15 വെങ്കലവുമടക്കം 36 മെഡലുകളും, അങ്ങനെ മൊത്തം 56 മെഡലുകളാണ് ക്രൈസ്റ്റിന്റെ കായികതാരങ്ങൾ വാരിക്കൂട്ടിയത്. കൂടാതെ അന്തർദേശീയ തലത്തിൽ വേൾഡ് യൂണിവേഴ്സിറ്റി ബാഡ്മിന്റൺ മത്സരത്തിൽ ഇ.ജെ. ശിവശങ്കറും, നാലാമത് വേൾഡ് യൂണിവേഴ്സിറ്റി പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ആകാശ് ബിനു, ഭാഗ്യലക്ഷ്മി എസ്, മിലു ഇമ്മാനുവൽ, നീനു വർഗ്ഗീസ് തുടങ്ങിയവർ ഇന്ത്യയുടെയും, കേരളത്തിന്റെയും, ക്രൈസ്റ്റിന്റെയും യശസ്സ് ഉയർത്തിയവരാണ്.

കേരളത്തെ പ്രതിനിധീകരിച്ച് 36 പുരുഷ കായികതാരങ്ങളും, 17 വനിതാ കായികതാരങ്ങളും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് 69 പുരുഷ കായികതാരങ്ങളും, 37 വനിതാ കായികതാരങ്ങളടക്കം 106 പേർ പങ്കെടുക്കുകയുണ്ടായി.