നടന കൈരളിയുടെ ഇരുപത്തിയൊമ്പതാമത്  നവരസ സാധന ശില്പശാല വിഖ്യാത സർഗ്ഗാത്മക നർത്തകനും നാട്യാചാര്യനുമായിരുന്ന ഗുരുഗോപിനാഥിന്  സമർപ്പിക്കുന്നു


ഇരിങ്ങാലക്കുട :നടന കൈരളിയുടെ ഇരുപത്തിയൊമ്പതാമത്  നവരസ സാധന ശില്പശാല വിഖ്യാത സർഗ്ഗാത്മക നർത്തകനും നാട്യാചാര്യനുമായിരുന്ന ഗുരുഗോപിനാഥിന്  സമർപ്പിക്കുന്നതായി നടന കൈരളിയുടെ പ്രവർത്തകർ അറിയിക്കുന്നു.
തെക്കൻ ചിട്ടയിലെ മാത്തൂർ കുഞ്ഞുപിള്ള പണിക്കരുടേയും ഗുരു കുഞ്ചുക്കുറുപ്പിന്റേയും കീഴിൽ അഭിനയ പരിശീലനം നേടിയിട്ടുള്ള ഗുരുഗോപിനാഥ് മോസ്കോയിലെ ബോൾ ഷോയ്ക് തിയേറ്ററിൽ 1954ൽ അവതരിപ്പിച്ച നവരസാഭിനയത്തിന് പശ്ചാത്തല സംഗീതം നൽകിയത് വിശ്വവിഖ്യാത സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കർ ആയിരുന്നു. കേരളത്തിന്റെ നവരസാഭിനയം വിശ്വശ്രദ്ധനേടിയ സംഭവമായിരുന്നു അത്.
 നവരസ സാധന ശിൽപശാലയിൽ ജനുവരി 7ന് വൈകുന്നേരം 6 മണിക്ക് നടന കൈരളിയിൽ  ഗുരു ഗോപിനാഥിന്  സമർപ്പിച്ചുകൊണ്ട് ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയെ  ആസ്പദമാക്കി കപില വേണു  നങ്ങ്യാർകൂത്ത് അവതരിപ്പിക്കും. വിഖ്യാത കുച്ചുപ്പുടി നർത്തകിയായ ശ്രീലത സൂരി, ഭരതനാട്യം നർത്തകിമാരായ മീര ഗോകുൽ, സഹാന ശ്രീധർ,  വിഖ്യാത നാടക സംവിധായകനും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യുടെ നാടക വിഭാഗം അദ്ധ്യക്ഷനുമായ ഡോ പ്രഭാത് ഭാസ്കരൻ ഹിന്ദി സിനിമ തിരക്കഥാകൃത്തും കവിയത്രിയുമായ ശിവലീല ഡംഗെ തുടങ്ങി 14 കലാ പ്രവർത്തകർ ഗുരു വേണുജിയുടെ കീഴിൽ 15 ദിവസം നീണ്ടുനിൽക്കുന്ന നവരസ സാധന പരിശീലിക്കുവാൻ  നടനകൈരളി എത്തിച്ചേർന്നിട്ടുണ്ട്.