നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ റെസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് നിർണ്ണായകം – പി ആർ ബിജോയ്


ഇരിങ്ങാലക്കുട : കളങ്കരഹിതമായ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ റെസിഡന്റ്സ് അസോസിയേഷൻ പോലുള്ള കൂട്ടായ്മകളുടെ പങ്ക് വളരെ നിർണ്ണായകമാണെന്ന് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയ് അഭിപ്രായപ്പെട്ടു.

തങ്ങളുടെ ചുറ്റുപാടും കാണുന്ന ഏതു തരത്തിലുള്ള സാമൂഹ്യ വിരുദ്ധ ശക്തികളേയും പറ്റിയുള്ള വിവരങ്ങൾ യഥാസമയം ഇത്തരം കൂട്ടായ്മകളുടെ തലപ്പത്തിരിക്കുന്നവരേയോ, പോലീസ് അധികാരികളേയോ അറിയിച്ചെങ്കിൽ മാത്രമേ യഥാവിധി അവ തിരുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനാവൂ. വളർന്നു വരുന്ന യുവതലമുറയെ നേർവഴിക്കു കൊണ്ടുവരാൻ വേണ്ടിയെങ്കിലും ഇത്തരം നീക്കങ്ങളോടു സഹകരിക്കാൻ മാതാപിതാക്കൾ തയ്യാറാകണം.

കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പുതുവത്സരാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേഷൻ പ്രസിഡണ്ട് വിങ്ങ് കമാണ്ടർ ടി എം രാംദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ കെ കെ ശ്രീജിത്ത്, കെ ഗിരിജ, നടുവളപ്പിൽ ശ്രീധരൻ, എ സി സുരേഷ്, എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി പോളി മാന്ത്ര സ്വാഗതവും, വൈസ് പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു.

യോഗാനന്തരം അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, “കളിപ്പാട്ടം” നാടകം, രാജേഷ് തംബുരുവിന്റെ “നേരമ്പോക്ക്” എന്നിവയും ഉണ്ടായിരുന്നു.