അയ്യങ്കാവ് മൈതാനത്ത് പുതിയ ബോർഡ്‌ സ്ഥാപിച്ചു


ഇരിങ്ങാലക്കുട  : അയ്യങ്കാവ് മൈതാനത്തിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനം എന്നെഴുതിയ പുതിയ ബോർഡ്‌ സ്ഥാപിച്ചു.

നഗരസഭ ഓഫീസിനു മുൻവശത്തെ മൈതാനത്തിന്റെ പേര് മുനിസിപ്പൽ ഗ്രൗണ്ട് എന്നാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കഴിഞ്ഞ ദിവസം ലോക്‌താന്ത്രിക് യുവജനദാതൾ ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിച്ചിരുന്നു.
മുകുചിന്തപുരം എന്ന മുകുന്ദപുരം ഭരിച്ചിരുന്ന അയ്യൻചിരു കണ്ട മഹാരാജാവിന്റെ സ്മരണക്കായിട്ടാണ് ഇത് അയ്യങ്കാവ് മൈതാനം എന്നറിയപ്പെടുന്നതെന്നും അതിന്റെ പേരു മാറ്റുന്നത് നീതീകരിക്കാനാകില്ലെന്നുമായിരുന്നു സംഘടനകളുടെ വാദം. മൈതാനത്തു മുൻപ് ഉണ്ടായിരുന്ന അയ്യങ്കാവ് മൈതാനം എന്നെഴുതിയ ബോർഡ്‌ നശിച്ചുപോയതിനുശേഷം പകരം പുതിയ ബോർഡ് സ്ഥാപിച്ചിരുന്നില്ല.

മൈതാനത്തിന് സമീപത്തെ കെ എസ് ഇ ബി ട്രാൻസ്ഫോർമറിൽ മുനിസിപ്പൽ ഗ്രൗണ്ട് എന്നെഴുതിയ ബോർഡ്‌ സ്ഥാപിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം രാത്രി പഴയ ബോർഡ്‌ ഉണ്ടായിരുന്ന സ്ഥലത്ത് സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ബോർഡ്‌ സ്ഥാപിക്കുകയായിരുന്നു.
സംഘപരിവാർ പ്രവർത്തകരായ സന്തോഷ്‌ ബോബൻ, ഷാജുട്ടൻ, രഞ്ജിത്ത് കാനാട്ട്, ബൈജു കുറ്റിക്കാട്, കൃപേഷ് ചെമ്മണ്ട, ഷാജു കണ്ടംകുളത്തി തുടങ്ങിയവർ നേതൃത്വം നൽകി.