മയക്ക് മരുന്ന് നൽകി സ്വർണ്ണാഭരണങ്ങൾ കവർന്ന സ്ത്രീ അറസ്റ്റിൽ


ഇരിങ്ങാലക്കുട: വീട്ടുജോലിക്ക് പാവപ്പെട്ട സത്രീകളെ കൂടുതൽ പണം നല്കാമെന്ന് പറഞ്ഞ് പടിയൂരിലെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് ചായയിലോ ശീതളപാനീയത്തിലോ മയക്ക് മരുന്ന് നല്കി ബോധം കെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പടിയൂർ സ്വദേശിയായ മേപ്പുറത്ത് കൊല്ലത്ത് വീട്ടിൽ ഫാസിലിന്റെ ഭാര്യ അൻസിയ (22 വയസ്സ്) അറസ്റ്റിലായി.

ഡിവൈ എസ് പി ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം കാട്ടൂർ എസ് ഐ വിമൽ വി.വി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മണലൂർ, കലൂർ സ്വദേശികളായ സ്ത്രീകൾക്കാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്.

തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിൽ എ.ടി.എം കാർഡ് കവർന്ന് 75000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ്.

കവർന്ന ആഭരണങ്ങൾ തൃശൂരിലെയും, ഇരിങ്ങാലക്കുടയിലെയും ജ്വല്ലറികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. എ.എസ്.ഐ ഹരിഹരൻ, ഉദ്യോഗസ്ഥരായ സിന്ധു ടി.കെ, സിന്ധു എം വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.