ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് സർവകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി


ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജും ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് സർവകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി.ഇതോടെ വിദേശ സർവകലാശാലയുമായി അക്കാദമിക പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന കേരളത്തിലെ അപൂർവ്വം കോളേജുകളിൽ ഒന്ന് എന്ന ബഹുമതിയുടെ തിളക്കത്തിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്.

ഇന്നലെ ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് സർവകലാശാലാ ആസ്ഥാനത്ത് വൈസ് ചാൻസിലർ പ്രൊഫ:എക്സ് എംറ്റോസ്,ഡെപ്യൂട്ടി വൈസ് ചാൻസിലർ എം.മഹ്‌ലോ മഹാലോ എന്നിവരും ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പാളും ക്രൈസ്റ്റ് കോളേജ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറിയുമായ ഫാ.ഡോ. ജോളി ആൻഡ്രൂസ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇരുസംസ്ഥാനങ്ങളും ചേർന്നുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം അദ്ധ്യക്ഷൻ ഡോ.ലിന്റോ ആലപ്പാട്ട്, സുളുലാൻഡ്‌ യൂണിവേഴ്സിറ്റി ഹൈഡ്രോളജി വിഭാഗം പ്രൊഫസർ ഡോ.ഏഴുമലൈ വെട്രിമാരൻ എന്നിവരും സന്നിഹിതരായിരുന്നു

അടുത്ത അഞ്ച് വർഷക്കാലം ഇരു സ്ഥാപനങ്ങളിലെയും അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷണത്തിനും പ്രോജക്റ്റുകളും പരസ്പര സഹകരണത്തിന് സാധിക്കുന്ന വിധത്തിലാണ് ധാരണപത്രം തയ്യാറാക്കിയിട്ടുള്ളത്. ക്രൈസ്റ്റ് കോളജിലെ അധ്യാപകർക്ക് ഗവേഷണ പഠനങ്ങൾക്ക് അവസരം നൽകാൻ സുളുലാൻഡ്‌ സർവകലാശാല സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇരു സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് താമസസൗകര്യം അനുവദിക്കും.ധാരണാപത്രം പൂർണ്ണ നിലയിൽ നടപ്പാക്കുന്നതിനു മുമ്പ് കാലിക്കറ്റ് സർവകലാശാലയുടെ സർക്കാരിന്റേയും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇപ്പോൾ 252 ഡിഗ്രി കോഴ്സുകളും നിരവധി ഡിപ്ലോമ കോഴ്സുകളും ഉള്ള സുളുലാൻഡ് യൂണിവേഴ്സിറ്റിയിൽ ജിയോളജി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അധിക പഠനത്തിന് അയക്കാൻ ഉദ്ദേശിക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ പറഞ്ഞു.

മുമ്പ് നിരവധി വിദേശ വിദ്യാർഥികൾ ഡിഗ്രി പഠനത്തിനു ക്രൈസ്റ്റ് കോളേജ് തിരഞ്ഞെടുത്തിരുന്നു. സാംബിയ,നൈജീരിയ, ഉഗാണ്ട,നേപ്പാൾ,ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദ്യാർഥികൾ ക്രൈസ്റ്റിൽ പഠിച്ചിരുന്ന കാര്യം കോളേജിലെ സീനിയർ അധ്യാപകർ ഓർമ്മിക്കുന്നു. പുതിയ ധാരണ പ്രകാരം വീണ്ടും വിദേശ വിദ്യാർത്ഥികൾ ക്രൈസ്റ്റ് കോളേജിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈസ് പ്രിൻസിപ്പൽ ഫാ.ജോളി ആൻഡ്രൂസ് അറിയിച്ചു.നേരത്തെ ജർമനിയിലെ ഹനോവർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈബിനിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ജിയോ ഫിസിക്സുമായും ക്രൈസ്റ്റ് കോളേജ് ധാരണപത്രം ഒപ്പിടുകയുണ്ടായി.