വനിതാസാഹിതി ഇരിങ്ങാലക്കുട ഉണർവ്വ്- 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: വനിതസാഹിതി ഇരിങ്ങാലക്കുടമേഖല ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ “സമൂഹത്തിലെ ജീർണ്ണതകൾക്കും മൂല്യച്യുതികൾക്കും എതിരെയും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾക്ക് എതിരേയും ഉണർവ്വോടെ പ്രവർത്തിക്കേണ്ടതിന്റെ ബോധവൽക്കരണം യുവതലമുറക്ക് പകരുന്നതിന്റെ ഭാഗമായി” വിവിധപരിപാടികൾ സംയോജിപ്പിച്ച് കൊണ്ട് ഉണർവ്വ് 2019 സംഘടിപ്പിച്ചു.

വയനാട്ടിൽ പാമ്പ് കടിയേറ്റ് അതിദാരുണമായി മൃതിയടഞ്ഞ ഷഹ്ല ഷെറിന് അനുശോചനം രേഖപ്പെടുത്തികൊണ്ട് ആരംഭിച്ച ചടങ്ങിന് വനിതസാഹിതി ഇരിഞ്ഞാലക്കുട മേഖല പ്രസിഡന്റും കവയത്രിയുമായ  ശ്രീല വി.വി.അദ്ധ്യക്ഷത വഹിച്ചു. വനിതാസാഹിതി ജില്ലാസെക്രട്ടറിയും എഴുത്തുകാരിയുമായ ഡോ.ശ്രീലതവർമ്മ ഉണർവ്വ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ശാസ്ത്രവിഷയത്തെ കാവ്യാത്മകമായി അവതരിപ്പിച്ച്കൊണ്ട് “പെണ്ണുടലിന്റെ സൗഭാഗ്യങ്ങൾ ” എന്ന വിഷയത്തെ ആസ്പദമാക്കി ആയുർവേദ കോളേജ് സ്ത്രീരോഗവിഭാഗം മേധാവിയും വനിതാസാഹിതി സംസ്ഥാന ട്രഷററുമായ സാഹിത്യ പ്രവർത്തക ഡോ.ഡി.ഷീല കുട്ടികൾക്ക് വേണ്ടി ആരോഗ്യക്ലാസ്സ് എടുക്കുകയുണ്ടായി.

വനിതസാഹിതി ജില്ല ട്രഷററും സാഹിത്യകാരിയുമായ റീബപോൾ കോളേജ് ലൈബ്രറിയിലേക്ക് വനിതസാഹിതിയുടെ പേരിൽ പുസ്തകങ്ങൾ കൈമാറി. പ്രശസ്ത കവയിത്രി  രാധിക സനോജ് കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.കവിയരങ്ങിൽ വനിതസാഹിതി ഇരിങ്ങാലക്കുട മേഖല അംഗങ്ങളും കവികളുമായ ഉമ, രതി, പ്രവിത എന്നിവരും സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥിനികളും പങ്കെടുത്തു.

കവിയരങ്ങിൽപങ്കെടുത്ത വിദ്യാർത്ഥിനികൾക്കുള്ള സമ്മാനദാനം എഴുത്തുകാരി ദേവയാനി ടീച്ചർ നിർവ്വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബീന സി.എ,വനിതസാഹിതി ഇരിങ്ങാലക്കുട മേഖല അംഗവും കവയത്രിയുമായ ഷീബ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.ബിനു നന്ദി പ്രകാശിപ്പിക്കുകയും ഇരിങ്ങാലക്കുടയുടെ പ്രിയ കവയിത്രിയും വനിതസാഹിതി ജില്ല ജോയിന്റ് സെക്രട്ടറിയും ഖേഖലാ സെക്രട്ടറിയുമായ റെജില ഷെറിൻ സ്വാഗതം പറയുകയും ചെയ്തു.