പ്രശസ്ത ഭരതനാട്യം നർത്തകി മീരാ ശ്രീനാരായണൻ നടന കൈരളിയുടെ ശിൽപ്പശാലയിൽ കണ്ണകിയായി പകർന്നാടിയപ്പോൾ


ഇരിങ്ങാലക്കുട :നടന കൈരളിയുടെ ഇരുപത്തിയെട്ടാമത്‌ നവരസ സാധന ശിൽപശാലയിൽ രൗദ്രഭാവത്തിന്റെ പൂർണ്ണതയിൽ നർത്തകികൾ കണ്ണകിയായി പകർന്നാടി. കോവലൻ കൊല്ലപ്പെട്ട വാർത്ത കേട്ട കണ്ണകി സൂര്യ ഭഗവാനോട് ‘സർവ്വ സാക്ഷിയായ ഭഗവാനെ എന്റെ നാഥൻ കള്ളനാണോ’ എന്ന് ചോദിച്ച് തന്റെ കണവൻ നിരപരാധിയാണെന്നറിയുന്നതു മുതൽ മധുര നഗരം ചുട്ടെരിക്കുന്നതുവരെയുള്ള ഭാഗം സ്ത്രീ ഭാവത്തിൽ ആവിഷ്കരിച്ചപ്പോൾ അത് രൗദ്രഭാവത്തിന്റെ അത്യുച്ചാവസ്ഥയായിത്തീർന്നു.

ഗുരു അമ്മന്നൂർ മാധവചാക്യാർക്ക് സമർപ്പിച്ചുകൊണ്ടുള്ള ഈ അഭിനയ ശിൽപശാലയിൽ മുഖ്യ ഗുരുനാഥൻ വേണുജിയാണ്. നവംബർ 15ന് വൈകുന്നേരം 5 മണിക്ക് ഡോ കെ ജി പൗലോസ് ഗുരു അമ്മന്നൂർ മാധവചാക്യാരുടെ അഭിനയ ജീവിതത്തെക്കുറിച്ച് പ്രഭാഷണം നടത്തും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.