കോടികളുടെ സാമ്പത്തിക തട്ടിപ്പ്: ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ “പ്രൊഫസർ ഡിങ്കൻ” പ്രതിസന്ധിയിൽ


ഇരിങ്ങാലക്കുട:ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ജനപ്രിയ നായകൻ ദിലീപിന്റെ  കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ “പ്രൊഫസർ ഡിങ്കൻ” ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് റിപ്പോർട്ട്. വളരെയേറെ പ്രത്യേകതകളോടെ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ ദിലീപ് ആരാധകരും മലയാളി പ്രേക്ഷകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ത്രീഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം മാജിക്ക് ആണ് എന്നായിരുന്നു റിപ്പോർട്ടുകൾ.
നടൻ ദിലീപിനും ഏറെ പ്രതീക്ഷയുള്ള പ്രൊജക്റ്റ് പാതിവഴിയിൽ മുടങ്ങിയ അവസ്ഥയാണ്. വലിയ ബജറ്റിൽ ചിത്രമൊരുക്കുന്ന  നിർമ്മാതാവിനെതിരെ  ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. വലിയ സാമ്പത്തിക ബാധ്യത ഏൽക്കേണ്ടി വന്നിരിക്കുന്ന നിർമാതാവ്  സനൽ തോട്ടം അഞ്ചുകോടിയോളം രൂപ വാങ്ങിച്ചു എന്നാരോപിച്ച് ഇരിങ്ങാലക്കുട സ്വദേശി റാഫേൽ തോമസ് രംഗത്ത് വന്നിരിക്കുന്നു. തട്ടിപ്പ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. “ആമി” എന്ന ചിത്രത്തിലൂടെയാണ് റാഫേൽ തോമസ് സിനിമ നിർമാണ രംഗത്തേക്ക് കടന്ന് വന്നത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കൂടി നിർമ്മാതാവ് നേരിട്ടതോടെ ചിത്രം ഇനിയും പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് ദിലീപ് ആരാധകർ. രണ്ടുവർഷം മുമ്പ് ഷൂട്ടിങ് ആരംഭിച്ചിരിക്കുന്ന ചിത്രത്തിന്റെ  സംവിധായകൻ പ്രശസ്ത ക്യാമറാമാൻ രാമചന്ദ്രബാബു ആണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. എന്നാൽ ആരോപണങ്ങൾക്കെതിരെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.