കഞ്ചാവുമായി കോളേജ്‌ വിദ്യാർത്ഥി അറസ്റ്റിൽഇരിങ്ങാലക്കുട: അരക്കിലോയോളം കഞ്ചാവുമായി ബിരുദ വിദ്യാർത്ഥിയായ യുവാവ് അറസ്റ്റിലായി. കാരുമാത്ര കള്ളം പറമ്പിൽ അമലിനെയാണ് (21 വയസ്സ്) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന യുവാക്കൾക്കിടയിൽ ലഹരി മരുന്നുകളുടെ വാപനം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു അന്വേഷണ സംഘം. വെള്ളിയാഴ്ച അർദ്ധരാത്രി കരൂപ്പടന്നയിൽ കാറിൽ വന്നിറങ്ങിയ പ്രതി ചെറുകിട വിൽപ്പനക്കാർന് കൈമാറാൻ നിൽക്കുന്നതിനിടയിൽ പോലീസിന്റെ കയ്യിൽപ്പെടുകയായിരുന്നു.

പെട്ടന്ന് പോലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ വാങ്ങാനെത്തുന്നവരോട് കൈമാറ്റത്തിനുള്ള സ്ഥലം പല തവണ മാറ്റി പറഞ്ഞ് കൊടുക്കുന്നതാണ് ഇയാളുടെ തന്ത്രം. ഈ തന്ത്രം തന്നെയാണ് ഇയാളെ കുടുക്കിയതും. ബി ബി.എ. മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രതി എറണാകുളത്തു നിന്നും വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവാണ് വിൽപ്പന നടത്തിയിരുന്നത്. ഇത്തരത്തിലുള്ള കഞ്ചാവ് വിൽപന സംഘങ്ങൾ രാത്രി കടകൾ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ഇൻസ്പെക്ടർ പി.ആർ.ബിജോയ്,എസ്.ഐ. കെ.എസ്.സുബിന്ത് , റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം പി. മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ. .എം.കെ.ഗോപി, ഷഫീർ ബാബു, സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, അനൂപ് ലാലൻ, എം.വി. മാനുവൽ, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.