അന്തർസംസ്ഥാന കള്ളനോട്ടു സംഘം അറസ്റ്റിൽ, സമീപ കാലങ്ങളിലെ ഏറ്റവും വലിയ കള്ളനോട്ട് വേട്ട 

അന്തിക്കാട് : അമ്പത്തിനാലു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തിലെ പ്രധാനികളായ രണ്ടു പേർ അറസ്റ്റിലായി. കുപ്രസിദ്ധി നേടിയ പറവൂർ പെൺ വാണിഭ കേസിലടക്കം നിരവധി കേസുകളിലെ പ്രതിയും ചാവക്കാട് എടക്കഴിയൂർ താമസിക്കുന്ന എടമുട്ടം സ്വദേശി കണ്ണങ്കില്ലത്ത് പരീക്കുഞ്ഞി മകൻ ജവാഹിർ (47 വയസ്സ്), എടക്കഴിയൂർ ഏറച്ചംവീട്ടിൽ ഇബ്രാഹിം മകൻ നിസാർ ( 42 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.

മധ്യമേഖല ഡി.ഐ.ജി. എസ്.സുരേന്ദ്രന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കള്ളനോട്ട് സംഘങ്ങൾ പെരുകിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഡി.ഐ.ജി. പ്രത്യേക അന്വോഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തൃശൂർ റൂറൽ എസ്.പി. കെ.പി. വിജയകുമാരൻ, ഇരിങ്ങാലക്കുട ഡി.ഐ.എസ്.പി. ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. മനോജ് കുമാർ, എസ്.ഐ. കെ.ജെ. ജിനേഷ്, റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി, എ.എസ്.ഐ. എം.കെ.ഗോപി, സി.എ.ജോബ്, സീനിയർ സി.പി.ഒ.മാരായ സൂരജ് .വി.ദേവ്, ഷഫീർ ബാബു, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, എം.വി. മാനുവൽ,അന്തിക്കാട് സ്റ്റേഷനിലെ സീനിയർ സി പി.ഒ സുമൽ, പ്രീജു, സിപിഒ മാരായ റഷീദ്,സജയൻ, സോണി എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികൾ വലയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട് കൊടുവള്ളിയിൽ കള്ളനോട്ടു കേസിൽ പിടിയിലായ പ്രതികൾക്ക് കള്ളനോട്ടുകൾ നൽകിയത് ജവാഹർ ആണെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം ജവാഹിറിനെ തേടി ബാംഗ്ലൂർ എത്തിയിരുന്നു. എന്നാൽ കോഴിക്കോട് കള്ളനോട്ട് പിടിച്ചതോടുകൂടി ബാംഗ്ലൂർ നിന്നും ബാക്കിയുള്ള കള്ളനോട്ടുകളുമായി കേരളത്തിലേക്ക് കടന്ന ജവാഹിർ ചാവക്കാടെത്തി സുരക്ഷിതമായി നോട്ടുകൾ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. എന്നാൽ ഇതു മനസ്സലാക്കിയ അന്വേഷണ സംഘം ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കി വേഷം മാറി ആവശ്യക്കാരായി എത്തുകയായിരുന്നു. തൃശൂരിൽ നോട്ടുകൾ കൈമാറാമെന്നു ഉറപ്പിച്ച പ്രതികളെ വിവിധ സംഘങ്ങളായെത്തി അന്വോഷണ സംഘം റോഡിൽ വാഹനം തടഞ്ഞ് നാൽപതുലക്ഷം രൂപയുടെ കള്ളനോട്ട് കെട്ടടക്കം പിടികൂടുകയായിരുന്നു.

കൂടുതൽ ചോദ്യം ചെയ്യലിൽ പതിമൂന്നു ലക്ഷത്തിനാൽപ്പത്താറായിരം രൂപയുടെ കള്ളനോട്ടുകൾ രണ്ടാം പ്രതി നിസാറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ പിടികൂടിയ നാൽപ്പതു ലക്ഷത്തിന് പുറമേയാണിത്. ഇതിൽ രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളുണ്ട്. ഇതോടെ അമ്പത്തിമൂന്നു ലക്ഷത്തിനാൽപ്പത്താറായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും നിർമ്മാണ സാമഗ്രഹികളെക്കുറിച്ചുമുള്ള അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.