സി.ആർ കേശവൻ വൈദ്യരുടെ ഇരുപതാം ചരമ വാർഷികം ഇന്ന്



 

ഇരിങ്ങാലക്കുട: 1904 ആഗസ്റ്റ്‌ 26-ാം തിയ്യതി കോട്ടയം ജില്ലയിലെ മീനച്ചലിലാണ് വൈദ്യരുടെ ജനനം. ചുള്ളികാട്ട് രാമന്റെയും കുഞ്ഞാളിചിയുടെയും മകനായി ജനിച്ച അദ്ദേഹം തന്റെ കർമ്മവും, ജീവിതവും, ചിന്തയുമെല്ലാം ഇരിങ്ങാലക്കുടയ്ക്കായി മാറ്റി വെച്ച മഹത് വ്യക്തിയാണ്. എല്ലാ മേഖലകളിലും വൈദ്യർ അങ്ങേയറ്റം മികവും, സൂക്ഷ്മതയും പുലർത്തിയിരുന്നു. ഒരു വ്യവസായ സംരംഭകൻ, സാമൂഹ്യ സേവകൻ, ഭിഷഗ്വരൻ, ഗ്രന്ഥ കർത്താവ്‌ എന്നിങ്ങനെ അദ്ദേഹം കൈ വെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞു.

ശ്രീ നാരായണ ദർശനങ്ങളുടെ ഉറച്ച വക്താവായ അദ്ദേഹം വൈക്കം,ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്‌, ശ്രീ നാരായണ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഉണ്ണായി വാര്യർ കലാനിലയം പ്രസിഡന്റ്‌, ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി അംഗം എന്നിങ്ങനെ ഒട്ടേറെ പദവികളും വഹിച്ച വ്യക്തിത്വമാണ്.

ശ്രീ നാരായണ ചിന്തകൾ(1972), വിചാര ദർപ്പണം(1976), പൽപ്പു മുതൽ മുണ്ടശ്ശേരി വരെ(1996) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ രചനകളാണ്. ആയൂർവേദത്തിലെ പരമോന്നതമായ വൈദ്യ രത്നം പദവി ലഭിച്ചിട്ടുള്ള ഇദ്ദേഹം സ്ഥാപിച്ചതാണ് ലോകമെങ്ങും നമ്മുടെ നാടിനെ പ്രസസ്തമാക്കിയ “ചന്ദ്രിക സോപ്പ് ” കമ്പനി.

1999 നവംബർ മാസം 6-ാം അദ്ദേഹം ഒട്ടേറെ നന്മകൾ നമ്മുടെ നാടിനു നല്കി യാത്രയായി.

ഈ മഹദ് വ്യക്തിത്വത്തിന്റെ പാവന സ്മരണയ്ക്കു മുമ്പിൽ “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയും, “ഇരിങ്ങാലക്കുട ടൈംസും” ആദരാഞ്ജലികൾ അർപ്പിക്കുന്നു.