നടന കൈരളിയുടെ 28 മത് നവരസ സാധന ശില്പശാല കൂടിയാട്ടത്തിന്റെ കുലപതിയും ഇതിഹാസവും ആയിരുന്ന ഗുരു അമ്മന്നൂർ മാധവചാക്യാർക്ക് സമർപ്പിച്ചു കൊണ്ട് ആരംഭിച്ചു


ഇരിങ്ങാലക്കുട :നടന കൈരളിയുടെ 28 മത് നവരസ സാധന ശില്പശാല കൂടിയാട്ടത്തിന്റെ കുലപതിയും ഇതിഹാസവും ആയിരുന്ന ഗുരു അമ്മന്നൂർ മാധവചാക്യാർക്ക് സമർപ്പിച്ചു കൊണ്ട് ആരംഭിച്ചു.

ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാനിൽനിന്ന് നവരസാഭിനയത്തിൽ പരിശീലനം നേടി അഭിനയ മുഹൂർത്തങ്ങൾക്ക് മിഴിവേകി ലോകത്തിലെതന്നെ മഹാനടന്മാരിൽ ഒരാളായി തീർന്ന അമ്മന്നൂരിന്റെ ജീവിതചരിത്രം കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചതിനോടനുബന്ധിച്ചാണ് നവംബർ 2 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന ശില്പശാല അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്നത്.

ശിൽപ്പശാലയിൽ നവരസാഭിനയത്തിന്റെ ഉപരിപഠനത്തിനെത്തിയ പ്രശസ്ത ഭരതനാട്യം നർത്തകി മീര ശ്രീനാരായണൻ, നാടക നടി ദ്രുതി ഷാ(ദുബായ്) എന്നിവർ ചേർന്ന് അമ്മന്നൂരിന്റെ അഭിനയ ചിത്രത്തിൽ ഭദ്രദീപം തെളിയിച്ചാണ് അഭ്യാസ സാധനക്ക് തുടക്കം കുറിച്ചത്.വേണുജിയുടെ കീഴിൽ നടക്കുന്ന നവരസ സാധനയിൽ നവംബർ 15ന് അമ്മന്നൂർ എന്ന നടനെക്കുറിച്ച് ഡോ കെ. ജി പൗലോസ് പ്രഭാഷണം നടത്തും.