ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 5ന് തുടങ്ങും


 

ഇരിങ്ങാലക്കുട : മുപ്പത്തി രണ്ടാമത് വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 5 മുതൽ 8 വരെ എസ് എൻ ഹയർ സെക്കണ്ടറി സ്കൂൾ, ലിസ്യു കോൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ചു നടക്കും.

ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്ന് 280ഓളം ഇനങ്ങളിലായി 7000ഓളം പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുക.

കഥകളി (ഗ്രൂപ്പ്), കഥകളി (സിംഗിൾ), ചവിട്ടുനാടകം എന്നീ ഇനങ്ങളിൽ മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നവംബർ 6ന് രാവിലെ 9 മണിക്ക് എസ് എൻ സ്കൂളിലെ പ്രധാന വേദിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് കലോത്സവം ഉൽഘാടനം ചെയ്യും. പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയായിരിക്കും.