ജിജു അശോകന്റെ ‘പ്രേമസൂത്രം’ ആമസോൺ പ്രൈമിൽ …


ഇരിങ്ങാലക്കുട : ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയ്ക്ക് ശേഷം ഇരിങ്ങാലക്കുട പടിയൂർ സ്വദേശി ജിജു അശോകന്‍ സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ്, ധര്‍മജന്‍, ബാലു വര്‍ഗീസ്, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ലിജോ മോള്‍, അനുമോള്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാ പ്രേമസൂത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു.

പ്രണയിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം എന്ന ടാഗ് ലൈനോട് കൂടി അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ജിജു തന്നെ രചന നിര്‍വഹിച്ച ചിത്രമാണ് പ്രേമസൂത്രം. പ്രേമസൂത്രം സമ്പൂർണ പ്രണയശാസ്ത്രമാണ്. പ്രണയിക്കുന്നവർക്കും പ്രണയിച്ചിട്ടുള്ളവർക്കുമൊക്കെ കൗതുകത്തോടെ കണ്ടിരിക്കാം.

എവിടെ നിന്നോ പള്ളിപ്പുറം ഗ്രാമത്തിലെത്തി പ്രണയലോലുപനായി ജീവിക്കുകയും പ്രണയത്തെക്കുറിച്ചുള്ള അമൂല്യമൊഴിമുത്തുകൾ വാരിവിതറുകയും ചെയ്യുന്ന വികെപി എന്ന ക്യാരക്റ്ററും അയാൾ നൽകുന്ന ഓറയുമാണ് സിനിമയുടെ ഹൈലൈറ്റ്. വി‌കെപി എന്നാൽ വിഷം കുടിച്ച പങ്കജാക്ഷൻ എന്നാണ് പൂർണരൂപം എന്നതിൽ തുടങ്ങി അതിലെ കൗതുകങ്ങൾ തുടങ്ങുന്നു. ചെമ്പൻ വിനോദിന്റെ കരിയറിലെ സ്റ്റൈലൻ വഴിത്തിരിവായിരുന്നു പ്രേമസൂത്രത്തിലെ പ്രണയഗുരുവായ ജലഗന്ധർവൻ.