സംരംഭങ്ങളുമായി ധീരമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം: 4300 പ്രതിനിധികളും 100 സ്റ്റാര്‍ട്ടപ്പുകളുമായി ഐ.ഇ.ഡി.സി. ഉച്ചകോടി


കൊടകര: വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് ഗവേഷണത്തിലും പരീക്ഷണത്തിലും കരുത്തുറ്റ ചുവടുവയ്പുമായി ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭകത്വ സമ്മേളനമായ ഐ.ഇ.ഡി.സി. ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും വിദ്യാര്‍ഥികളുടെയും വന്‍പങ്കാളിത്തം.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4300 ലേറെ  വിദ്യാര്‍ഥി സംരംഭകരാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലേക്കെത്തിയത്.ഉച്ചകോടി എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ ഉദ്ഘാടനം ചെയ്തു.

സംരംഭകത്വത്തിലേക്കു വരുന്ന പുതുതലമുറ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവരുടെ രാജ്യത്തിനും സംസ്ഥാനത്തിനും തങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ എപ്രകാരം ഗുണം ചെയ്യാമെന്നു ചിന്തിക്കണം.എല്ലാ സമൂഹത്തിലേയും പ്രാദേശിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് മത്സരാത്മകമായി ആഗോളതല അളവുകോല്‍ നിര്‍ണയിക്കണം.എന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ചലനമുണ്ടാക്കുന്ന രീതിയിലേക്ക്  സംരംഭങ്ങള്‍ നയിക്കപ്പെടുക എന്നും ഡോ. എം.എസ്. രാജശ്രീ പറഞ്ഞു.
ജനങ്ങളുടെ അറിവും നൂതനത്വത്തിന്റെ അഭിനിവേശവും സമ്മേളിക്കുന്നതാണ് സംരംഭകത്വമെന്ന് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സി.ഇ.ഒ. ഡോ. സജി ഗോപിനാഥ് പറഞ്ഞു.വര്‍ഷങ്ങളായി മറഞ്ഞിരുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനായതാണ് ഫെയ്‌സ്ബുക്ക്, ആമസോണ്‍ പോലുള്ള സംരംഭങ്ങളുടെ വിജയരഹസ്യം. ആഴത്തില്‍ പരീക്ഷണങ്ങള്‍ നടത്താവുന്ന വേദിയാണ് ഐ.ഇ.ഡി.സി. പ്രദാനം ചെയ്യുന്നത് അദ്ദേഹം വ്യക്തമാക്കി.സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചു.

നാലാം വ്യാവസായിക വിപ്ലവത്തിന് ആധാരമായ ആവശ്യങ്ങളേയും അഭിലാഷങ്ങളേയും വിദ്യാര്‍ത്ഥി സമൂഹത്തിന് പങ്കുവയ്ക്കുക എന്നതായിരുന്നു ഇന്‍ഡസ്ട്രി 4.0 ആശയങ്ങള്‍ ത്വരിതഗതിയില്‍ രൂപീകരിക്കുക എന്ന പ്രമേയത്തിലൂന്നിയ ഐ.ഇ.ഡി.സി. സമ്മേളനത്തിന്റെ ലക്ഷ്യം.വിജയകരമായ സംരംഭങ്ങളെക്കുറിച്ചുള്ള അറിവു  പങ്കുവച്ച സമ്മേളനത്തില്‍ മേഖലയിലെ ഇരുപത്തിയഞ്ചോളം വിദഗ്ധര്‍ പങ്കെടുക്കുകയും സാങ്കേതിക ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭക ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഉച്ചകോടി വേദിയായി.സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം,എക്സ്റ്റന്‍ന്റഡ് റിയാലിറ്റി- ബ്ലോക്‌ചെയിന്‍ ആക്റ്റിവിറ്റി ഹബ്‌സ്,പാനല്‍ ചര്‍ച്ചകള്‍ എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.നൈപുണ്യം, അറിവ്, അനുഭവം, എന്നിവയടങ്ങിയ വിദ്യാര്‍ത്ഥികളുടെ വിഭവ സമാഹരണത്തിലുള്ള നിശ്ചയദാര്‍ഡ്യമാണ് രാജ്യത്തിന്റെ മത്സര ക്ഷമതയ്ക്കുള്ള സോഫ്റ്റ് ക്യാപിറ്റല്‍ എന്നും സംഘാടകര്‍ വിലയിരുത്തി.ഈ സമ്മേളനത്തെ അടിസ്ഥാനമാക്കി  സര്‍ക്കാര്‍, ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍  ‘ഇന്‍ഡസ്ട്രി 4.0’ നയം രൂപീകരിക്കുന്നതിലും വിപുലപ്പെടുത്തി നടപ്പിലാക്കുന്നതിനും മുഖ്യപങ്കുവഹിക്കും.