സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗൂഗിളിന്റെ പിന്തുണ, കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മാതൃകയെന്ന് ഗൂഗിള്‍ വിദഗ്ധന്‍

 

കൊടകര:  കേരള സ്റ്റാര്‍ട്ടപ്പ്മിഷന്റെ പിന്തുണയോടെ രൂപംകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മാതൃകയില്‍ നൂതനാശയങ്ങള്‍ തേടി രാജ്യത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയവും ഗൂഗിള്‍ ഇന്ത്യയും ചേര്‍ന്ന് ‘ബില്‍ഡ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ’ എന്ന പദ്ധതി നടപ്പാക്കുന്നു.

കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍ തൃശൂര്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച മെഗാ സ്റ്റാര്‍ട്ടപ് മേളയായ ഇന്നവേഷന്‍ ആന്‍ഡ് ഓന്‍ട്രപ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ (ഐ.ഇ.ഡി.സി.) ഉച്ചകോടിയില്‍ ഗൂഗിള്‍ ഡെവലപ്പര്‍ റിലേഷന്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിദ്ധാന്ത് അഗര്‍വാള്‍ അറിയിച്ചതാണിത്.

സമൂഹം നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാനുള്ള നൂതനാശയങ്ങള്‍ തേടിയുള്ള ആറു മാസത്തെ പ്രോഗ്രാം ആയിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.മാന്‍ഹോളുകള്‍ വൃത്തിയാക്കാനുള്ള റോബോട്ട് ആയ ബാന്‍ഡിക്കൂട്ട്,ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള സ്പന്ദന്‍, സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള നിരാമയ്, ഇന്ധനങ്ങളില്‍നിന്ന് അന്തരീക്ഷത്തിലെത്തുന്ന മലിനീകരണത്തിനു കാരണമാക്കുന്ന മാലിന്യവസ്തുക്കള്‍ സംസ്‌കരിക്കുന്ന എയര്‍-ഇങ്ക് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.ഇത്തരം സംരംഭങ്ങളെ വളര്‍ത്തിയെടുക്കാനുള്ള മെന്റര്‍ഷിപ്പ് ഗൂഗിള്‍ ശൃംഖലയില്‍നിന്നും വ്യവസായ മേഖലയിലെ വിദഗ്ധരില്‍നിന്നും നല്കുമെന്ന് അറിയിച്ചു.ബില്‍ഡ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ-യ്ക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ http://bit.ly/buildfordigitalindia എന്ന സൈറ്റില്‍നിന്ന് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.