ഏഷ്യയിലെ ഏറ്റവും വലിയ സംരംഭക ഉച്ചകോടി ഇന്ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സ്ത്രീ സംരഭകരുടെ ശില്പശാല തുടങ്ങി നാലായിരത്തിലേറെ പേര്‍ പങ്കെടുക്കും

 

കൊടകര: കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടിക്ക് (ഐ.ഇ.ഡി.സി. സമ്മിറ്റ് 2019) കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഉച്ചകോടി ശനിയാഴ്ച രാവിലെ പത്തിന് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.കേരള ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ അധ്യക്ഷനാകും.25 പ്രഭാഷകര്‍,25 ഇവന്റുകള്‍,നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുള്‍പ്പെടെ ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലായിരത്തിലേറെ പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.പുതിയ ആശയങ്ങളുടെ പ്രദര്‍ശനങ്ങളും നടക്കും.

സംരംഭക ഉച്ചകോടിയുടെ ഭാഗമായി സ്ത്രീ സംരഭകരുടെ ശില്പശാല തുടങ്ങി.വനിത സംരഭകര്‍ തുടക്കത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി മീല്‍ ഡി. സ്ഥാപക ഷമീല അനുഭവങ്ങള്‍ പങ്കുവച്ചു.രസനോവ സ്ഥാപകന്‍ ജിജോ പോള്‍, അനു ജൂലിയൊ തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.ശില്പശാല ശനിയാഴ്ച സമാപിക്കും.കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്ന് 230  ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്ററുകളിലെ ഏറ്റവും മികച്ച 20  ഐ.ഇ.ഡി.സി. കള്‍ക്കുള്ള ശില്പശാലയും നടന്നു.ഐ.ഇ.ഡി.സി. നോഡല്‍ ഓഫീസേഴ്‌സ് മീറ്റ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ഉച്ചകോടിയുടെ സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ലോകത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ വൈവിദ്ധ്യങ്ങളും മുന്നേറ്റങ്ങളും ഐ.ഇ.ഡി.സി. 2019 സംരംഭകര്‍ക്ക് നല്‍കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരായ ആളുകളുമായി ആശയ സംവാദത്തിനുള്ള അവസരവും ഉച്ചകോടിയിലുണ്ടാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. ഡോ. സജി ഗോപിനാഥ് ,എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ,ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹ സ്ഥാപക ഡീന ജേക്കബ്,ഹംഗ്രി ലാബിന്റെ സ്ഥാപക ബിയാന്‍ ലി,ഗൂഗിള്‍ ഡെവലപ്പര്‍ റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ സിദ്ധാന്ത് അഗര്‍വാള്‍,അവതാരക രേഖ മേനോന്‍,സഫാരി ടിവി എം.ഡി. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഐ.ഇ.ഡി.സി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.