അവധി ദിവസത്തിന്റെ മറവിൽ മണ്ണ് കടത്തൽ ; ചാത്തൻ മാസ്റ്റർ ഹാൾ നിർമ്മാണ സ്ഥലത്തു നിന്നും കടത്തികൊണ്ടു പോയത് 25 ലോഡിലേറെ മണ്ണ്


ഇരിങ്ങാലക്കുട : ചാത്തൻ മാസ്റ്റർ ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം.ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ലെവൽ ചെയ്യുന്നതിന് വേണ്ടി മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണ് അവിടെ തന്നെ പഴയ ഹാൾ പൊളിച്ച സ്ക്രാപ്പിന്റെ കൂട്ടത്തിൽ തന്നെയാണിട്ടിരുന്നത്. അതു കൂടാതെ എത്ര താഴ്ച്ചയിലാണ് വെള്ളമുള്ളതെന്നറിയാൻ വലിയൊരു ട്രഞ്ച് കുഴിച്ചിരുന്നു. ഈ മണ്ണും ഈ സ്ക്രാപ്പിന്റെ കൂട്ടത്തിൽ തന്നെയാണിട്ടിരുന്നത്. സ്ക്രാപ്പ് ഇനങ്ങൾ നഗരസഭ മൂല്യം പരിശോധിച്ച് ഇനം തിരിച്ച് 34965 രൂപ മൊത്തം മൂല്യം കണക്കാക്കി നീക്കം ചെയ്യാൻ ടെണ്ടർ കൊടുത്തിരുന്നു.

എന്നാൽ നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും സ്ക്രാപ്പിന്റെ മറവിൽ ലോഡ് കണക്കിന് മണ്ണ് കയറ്റി കൊണ്ടുപോകുകയായിരുന്നു.അവധി ദിവസമായതുകൊണ്ട് ആരും അറിയില്ലെന്ന ധാരണയിലാണ് മണ്ണ് കടത്തിയത്. മാടായികോണം സ്കൂളിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷന് വേണ്ടിയുള്ള മണ്ണെടുക്കലും ഇന്നലെ നടന്നിരുന്നു. മാടായിക്കോണം സ്കൂളിന്റെ മണ്ണെടുപ്പ് ആസ്തിയിൽ പെട്ടതുകൊണ്ടായത് പ്രശ്നമില്ല.പക്ഷേ അതിന്റെ കൂട്ടത്തിൽ സ്ക്രാപ്പ് നീക്കം ചെയ്യാൻ ടെണ്ടറെടുത്ത വ്യക്തി എന്തിന് മണ്ണെടുത്ത് കടത്തി എന്നാണ് ഉയരുന്ന ചോദ്യം

സ്ക്രാപ്പ് ഇനത്തിൽ 25 ൽ പരം ലോഡ് കടത്തിയതായാണ് വിവരം. സ്ക്രാപ്പിൽ മണ്ണ് ഇല്ലെന്നിരിക്കേ ട്രഞ്ച് കുഴിച്ച മണ്ണും ഗ്രൗണ്ട് ലെവൽ ചെയ്ത മണ്ണും തോന്നിയപോലെ കയറ്റി കൊണ്ടു പോകുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ സി.സി ഷിബിൻ ഇരിങ്ങാലക്കുട ടൈംസിനോട് പറഞ്ഞു. അനധികൃത മണ്ണെടുപ്പ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അദ്ദേഹം നഗരസഭ സെക്രട്ടറിയുമായി ബന്ധപ്പെടുകയും തുടർന്ന് എ.ഇ യേയും ഓവർസീയറേയും വിട്ട് സ്ക്രാപ്പുകാന്റെ മണ്ണെടുപ്പ് നിർത്തിവെക്കുകയായിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഒത്താശയോടെയാണ് സ്ക്രാപ്പിന് ടെണ്ടറെടുത്തയാൾ മണ്ണ് കടത്തിയതെന്നും ആരോപണമുണ്ട്.