ആനന്ദപുരം ഗവണ്മെന്റ് യു.പി സ്കൂളിൽ പ്രതിഭാകേന്ദ്രം, ശാസ്ത്രരംഗം ക്ലബ്‌, ഉല്ലാസഗണിതം എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടന്നു


ആനന്ദപുരം : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ ആഭിമുഖ്യത്തിലുള്ള പ്രതിഭാ കേന്ദ്രത്തിന്റെയും, ഉല്ലാസഗണിതം പ്രവർത്തന പാക്കേജിന്റെയും ശാസ്ത്ര വിഷയ ക്ലബ്ബുകൾ ഒന്നുചേർന്ന് രൂപീകരിച്ച ശാസ്ത്രരംഗം ക്ലബ്ബിന്റെ യും ഉദ്ഘാടനം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ നിർവഹിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ഗണിത പഠനത്തിന് സഹായകമാകുന്ന ഉല്ലാസ ഗണിതം പോലുള്ള പദ്ധതികൾ സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത് അക്കാദമിക രംഗത്തെ മികവിന് ഏറെ സഹായകരമാണെന്ന് സരള വിക്രമൻ സൂചിപ്പിച്ചു,

ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സംശയ പെട്ടി, ശാസ്ത്ര പരീക്ഷണ പരമ്പര എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി സുനിൽ നിർവഹിച്ചു. ശാസ്ത്ര മാസികയായ കതിരിന്റെ പ്രകാശനം ഇരിങ്ങാലക്കുട ബി.ആർ.സി ക്ലസ്റ്റർ കോർഡിനേറ്റർ സി.കെ സുനിൽകുമാർ നിർവഹിച്ചു.

തുടർന്ന് കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങൾ അരങ്ങേറി. അതിനുശേഷം ഉല്ലാസ ഗണിതം പ്രവർത്തന പാക്കേജ് ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ഗണിത കേളികളുടെ അവതരണവും നടന്നു, ഉല്ലാസ ഗണിതം പഠന കേളികളിൽ രക്ഷിതാക്കളും പങ്കാളികളായി.സ്കൂൾ പ്രധാനാധ്യാപിക ശ്രീകല ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.