മലക്കപ്പാറ ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ; ഒത്തുതീർപ്പു ഫോർമുല പ്രഖ്യാപിച്ച് ക്രൈസ്റ്റ് മാനേജ്മെന്റ്


ഇരിങ്ങാലക്കുട : വാഹനാപകട നഷ്ടപരിഹാര കേസിനെ സംബന്ധിച്ച് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ദേയമായ പരാമർശം ഇപ്രകാരമാണ്. “നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ നേട്ടമാവാന്‍ പാടില്ല. അതേസമയം, തുക തുച്ഛമാവാനും പാടില്ല. രണ്ടിനുമിടയ്ക്ക് സന്തുലനം കണ്ടെത്തണം.

യാഥാര്‍ഥ്യവുമായി പരമാവധി പൊരുത്തപ്പെടും വിധമാകണം കോടതികളും ട്രിബ്യൂണലുകളും നഷ്ടപരിഹാരം നിശ്ചയിക്കാന്‍. മരിച്ചയാളുടെ വരുമാനം, പ്രായം എന്നിവ സംബന്ധിച്ച തെളിവുകള്‍ പരിഗണിച്ചുവേണം നഷ്ടപരിഹാരം കണക്കാക്കാനെന്നുമാണ് അഞ്ചംഗ സുപ്രീം കോടതി ജഡ്ജിമാരുടെ പാനൽ ഈ വിഷയത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.മലക്കപ്പാറ ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കേസ് കോടതിയിലെത്തും മുമ്പേ മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിനും, പരുക്കേറ്റ വിദ്യാർത്ഥികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റ്. വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും, മെമ്പേഴ്‌സും ഇന്നലെ പ്രിൻസിപ്പാൾ ഓഫീസ് ഉപരോധിക്കുകയും തുടർന്ന് നടത്തിയ ചർച്ചയിലുമാണ് മാനേജ്മെന്റ് നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനം നടത്തിയത്.

വിദ്യാർത്ഥി യൂണിയൻ സമരം നടത്തിയാലും ഇല്ലെങ്കിലും ഡ്രൈവർക്ക് നിയമപരമായ ലൈസൻസോ യോഗ്യതയോ ഇല്ലാത്തതു കൊണ്ട് സ്വാഭാവികമായും ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിന് തന്നെ നഷ്ട പരിഹാരം നൽകാൻ വിധി വരും.ഇൻഷുറൻസ് കമ്പനിക്ക് ഈ വിഷയത്തിൽ യാതൊരു ബാധ്യതയുമില്ല. അതു കൊണ്ട് കോടതി വിധിക്കും മുമ്പേ നഷ്ടപരിഹാരം നൽകുമെന്നുള്ള മാനേജ്മെന്റിന്റെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്.

എത്രയാണ് കൊടുക്കാനുദ്ദേശിക്കുന്ന നഷ്ടപരിഹാര തുക എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഇന്നലെ മാനേജ്മെന്റ് പ്രഖ്യാപനത്തിന് തൊട്ടു മുന്നേ ബി.ജെ.പി നഗരസഭാ യോഗം ചേർന്ന് 25 ലക്ഷം രൂപ മരിച്ച ആൻസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് പ്രമേയം പാസ്സാക്കിയത് ഈയവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. മാത്രവുമല്ല ഈ സംഭവത്തിൽ ഡ്രൈവർക്കെതിരെ 468, 471 വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യണം എന്ന ആവശ്യത്തിലേക്ക് ഈ കേസ് ചുരുങ്ങുന്നതോടെ ഡ്രൈവറെ മുൻ നിർത്തി മാനേജ്മെന്റിന്റെ വീഴ്ചകൾ മറച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി, പഠനത്തിലും, പഠനേതര സാമൂഹ്യ വിഷയങ്ങളിലും പ്രഗത്ഭ. കോഴ്സ് പൂർത്തിയാക്കിയാൽ രാജ്യത്തിനകത്ത് അമ്പതിനായിരത്തിനടുത്തും പുറത്ത് 1 ലക്ഷത്തിനും മേലെ ശമ്പളം വാങ്ങാൻ ശേഷിയുള്ള പ്രതിഭ. അവരുടെ ജീവന്റെ വില 25 ലക്ഷം എന്ന് നിശ്ചയിച്ച് ഒത്തുതീർപ്പാക്കിയാൽ ഒത്തുതീർപ്പു കേസിൽ അപ്പീലിന് അവസരമില്ലെന്നതു കൂടി കണക്കിലെടുത്ത് വിദ്യാർത്ഥികളും, പൊതു സമൂഹവും ശക്തമായി ഇടപ്പെട്ടില്ലെങ്കിൽ ഒരു കുറ്റകൃത്യം സംഘടിതമായി ഇവിടെ കുഴിച്ചുമൂടപ്പെടും.