ക്രൈസ്റ്റ് കോളേജ് ബസ്സപകടം ; ഡ്രൈവറുടെ ലൈസൻസ് വ്യാജം. കേസ് കൂടുതൽ വിവാദങ്ങളിലേക്ക്


ഇരിങ്ങാലക്കുട : മലക്കപാറയിൽ ക്രൈസ്റ്റ് കോളേജ് ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കേസ് കൂടുതൽ വിവാദങ്ങളിലേക്ക്.അപകടസമയത്ത് വാഹനമോടിച്ചിരുന്ന നിഖിൽ എന്ന ഡ്രൈവറുടെ ലൈസൻസ് വ്യാജമെന്ന് തെളിഞ്ഞു. കോളേജിൽ സമർപ്പിച്ചിരുന്ന ഡ്രൈവിങ്ങ് ലൈസൻസിന്റെ കോപ്പി വെച്ച് മോട്ടോർ വാഹന വകുപ്പിൽ നടത്തിയ അന്വേഷണത്തിലാണ് ഈ നമ്പറിൽ നൽകിയിരിക്കുന്ന ലൈസൻസ് മൂർക്കനാട് സ്വദേശിയായ മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ് എന്ന് മനസ്സിലായത്.

സ്കൂൾ ബസ് ഓടിക്കുന്നതിന് 10 വർഷത്തെ പരിചയം വേണമെന്നിരിക്കേ 2013 ലെ ലൈസൻസ് കോപ്പി കണ്ട് ഡ്രൈവറെ വാഹനമോടിക്കാൻ ഏൽപ്പിച്ച ക്രൈസ്റ്റ് കോളേജിന്റെ നടപടിയും വിവാദമായിരിക്കുകയാണ്. സ്ഥിരം ജീവനക്കാരനല്ല, ഓൺകോൾ അടിസ്ഥാനത്തിൽ വിളിക്കുന്ന ഡ്രൈവർ മാത്രമായിരുന്നു നിഖിൽ എന്ന മാനേജ്മെന്റ് വാദത്തോട് കഴിഞ്ഞ കുറേ മാസങ്ങളായി ഹോസ്റ്റൽ വാർഡന്റെ സഹായിയായി നിഖിൽ കോളേജ് ഹോസ്റ്റലിൽ ജോലി ചെയ്യുന്നുണ്ടെന്ന് വിദ്യാർത്ഥികൾ ഇരിങ്ങാലക്കുട ടൈംസിനോട് പറഞ്ഞു, ലൈസൻസ് വ്യാജമെന്ന് തെളിഞ്ഞതോടെ വ്യാജരേഖ ചമച്ചതിനുള്ള വകുപ്പും ഈ കേസിൽ കൂട്ടി ചേർക്കും. ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.