പെരിഞ്ഞനത്ത് കടലില്‍ കാണാതായ കാട്ടൂർ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

 

 

പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു
തൃശൂര്‍: പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍ (13), പീറ്ററിന്റെ മകന്‍ ആല്‍സണ്‍ (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഡെല്‍വിന്റെ മൃതദേഹം കഴിമ്ബ്രം ബീച്ചിലും, ആല്‍സണിന്റെ മൃതദേഹം മുരിയാന്തോട് ബീച്ചിലുമാണ് കരയ്ക്കടിഞ്ഞത്.‍

ഇന്നലെ മൂന്ന് മണിയോടെയാണ് ആറ് വിദ്യാര്‍ത്ഥികളും നാല് മുതിര്‍ന്നവരും സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു.

ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കായില്ല. , അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നലെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.