ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗത്തിന് അന്തർദേശീയ അംഗീകാരം


ഇരിങ്ങാലക്കുട  : 20-9-2019
റോമിൽ വച്ച് സെപ്റ്റംബർ 16 മുതൽ 19 വരെ നടന്ന ‘മെറ്റാ മെറ്റീരിയൽസ് 2019’ അന്തർദേശീയ കോൺഗ്രസിൽ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളിൽ 11 എണ്ണവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഗവേഷണകേന്ദ്രത്തിലെ ഗവേഷകരുടെ കണ്ടെത്തലുകൾക്ക്. ആദ്യമായാണ് ഈ അപൂർവ ബഹുമതി ഒരു കോളേജിലെ ഗവേഷണ കേന്ദ്രത്തിന് ലഭിക്കുന്നത്.

ഭൂകമ്പം ഉൾപ്പെടെയുള്ള വ്യത്യസ്ത ചലനങ്ങൾ അപഗ്രഥിക്കാൻ കഴിയുന്ന സെൻസറുകൾ, തരംഗദൈർഘ്യത്തിന്റെ ആയിരത്തിലൊന്ന് അംശം മാത്രമുള്ള വസ്തുക്കളെ തിരിച്ചറിയാൻ കഴിയുന്നതും അത്യന്താധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടാൻ കഴിയുന്നതുമായ ബയോമെഡിക്കൽ ഇമോജിഗ് ടെക്നിക്ക്, നാനോ സാങ്കേതിക വിദ്യയുടെ മേഖലയിലേക്കും കണക്ടിംഗ് പോളിമർ ശാഖയിലേക്കും മെറ്റാ മെറ്റീരിയൽസിന്റെ പ്രയോഗ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങൾ തുടങ്ങിയവ വിവരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്.

നിലവിലുള്ളതിനേക്കാൾ പതിനായിരം മടങ്ങ് കമ്പ്യൂട്ടർ വേഗത ലഭ്യമാക്കുന്നതിന് മെറ്റാമെറ്റീരിയൽസിന്റെ ഉപയോഗം, വയർലെസ് സാങ്കേതികവിദ്യകളായ വൈഫൈ, ബ്ലൂടൂത്ത്, വൈ-മാക്സ് തുടങ്ങിയവയിലേക്ക് മെറ്റാ മെറ്റീരിയൽ സാങ്കേതികവിദ്യയുടെ പ്രയോഗം, തുടങ്ങിയ മേഖലകളിൽ ക്രൈസ്റ്റ് കോളേജ് ഗവേഷകരുടെ പഠനങ്ങൾ ഫിസിക്സ് കോൺഗ്രസിൽ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

ഭാവിയിലെ ശാസ്ത്ര പുരോഗതിയിൽ സുപ്രധാനമായ സ്വാധീനം ചെലുത്താൻ പോകുന്ന മെറ്റാ മെറ്റീരിയൽ ശാസ്ത്രശാഖയുടെ പ്രാരംഭകരിൽ പ്രമുഖനായ ഡോ. ജോൺ പെൻട്രി തുടങ്ങിയ ശാസ്ത്രജ്ഞന്മാർ ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ ഗവേഷണഫലങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. സെമിനാറിൽ പങ്കെടുക്കുന്ന ഗവേഷകസംഘം ഞായറാഴ്ച തിരിച്ചെത്തും.