വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


കാറളം : കാറളം പഞ്ചായത്തിൽ എല്ലാ വർഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ മാർച്ചും പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചു.
കാറളം പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ കൂടി കടന്നു പോകുന്ന കെ.എൽ.ഡി.സി കനാലിൽ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കുന്ന ഓവുകളുടെ ക്രമീകരണത്തിൽ വരുന്ന പാകപ്പിഴകൾ പരിഹരിക്കുക, പാടശേഖരങ്ങളിൽ നിന്ന് കരുവന്നൂർ പുഴയിലേക്കുള്ള വെള്ളമൊഴുക്കിലെ തടസ്സങ്ങൾ നീക്കുക, താണിശ്ശേരി ഹരിപുരം പ്രദേശത്തെ കെ.എൽ.ഡി.സി. ബണ്ടിന്റെ അപര്യാപ്തതകൾ പരിഹരിക്കുക, ഓവുകൾ അടച്ചുള്ള അനധികൃത മത്സ്യ കൃഷി നിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കാറളം ആലും പറമ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കോൺഗ്രസ് നേതാവ് തങ്കപ്പൻ പാറയിൽ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ധർണ്ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം  ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ഐ.ഡി ഫ്രാൻസീസ് മാസ്റ്റർ, കെ.ബി ഷമീർ, ഇരിങ്ങാലക്കുട നഗരസഭ മൂർക്കനാട് കൗൺസിലർ കെ.കെ അബ്ദുള്ളക്കുട്ടി, മുൻ പഞ്ചായത്ത് മെമ്പർ അബ്ദുൾ സത്താർ,കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി ജൂലിയസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
പി.കെ വിനോദ് ,എം ആർ സുധാകരൻ, വി.ഡി സൈമൺ, വേണു കുട്ടശ്ശാംവീട്ടിൽ, വിശ്വംഭരൻ ഊരാളത്ത്, ജോഷി ചാക്കോ, സുരേഷ് പുഴേക്കടവിൽ, സി.ആർ സീതാരാമൻ എന്നിവർ നേതൃത്വം നൽകി.