സിനിമാ ബുദ്ധിയും വക്കീൽ ബുദ്ധിയും തന്ത്രങ്ങൾ മെനഞ്ഞ മാപ്രാണം കൊലകേസിലെ മുഖ്യ പ്രതിയെ പൊക്കിയത് പുകച്ച് പുറത്ത് ചാടിക്കുന്ന പോലീസ് തന്ത്രം വഴി


ഇരിങ്ങാലക്കുട : നാടിനെ നടുക്കിയ മാപ്രാണം വാലത്ത് രാജൻ കൊലകേസിലെ മുഖ്യപ്രതി സഞ്ജയ് രവിക്ക് പിന്നാലെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഇരിങ്ങാലക്കുട പോലീസ്.കൃത്യം നടത്തി ഒളിവിൽ പോയ പ്രതി ഉടനെ തന്നെ കേരളം വിട്ടു.

സാധാരണ പോലീസ് കുറ്റവാളികളെ എളുപ്പത്തിൽ കുടുക്കുന്ന സൈബർ ടെക്നോളജിയൊന്നും ഫലിക്കാതെ വന്ന ദിവസങ്ങൾ പ്രതിയിലേക്കെത്തി ചേരുന്നതിലേക്ക് പോലീസിന് അൽപം വൈകേണ്ടി വന്നു. കാരണം ഈ ദിവസങ്ങളിലൊന്നും സഞ്ജയ് രവി ഫോൺ ഉപയോഗിച്ചില്ല എന്നതു തന്നെ. ദൃശ്യം സിനിമയിലെ ജോർജ്ജുകുട്ടി എന്ന കഥാപാത്രം പോലെ ഫോൺ ഉപയോഗിച്ചാൽ താൻ പിടിക്കപ്പെടും എന്ന് തിയ്യറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിക്ക് നന്നായറിയാം.പോരാത്തതിന് സഞ്ജയ്ക്ക് രക്ഷപ്പെടാൻ ബുദ്ധിയുപദേശിക്കാൻ പ്രമുഖ വക്കീലും കൂടിയായപ്പോൾ പോലീസ് തന്നെ പിടിക്കില്ലെന്നു തന്നെ സഞ്ജയ് രവി കരുതി.

എന്നാൽ ഈ അമിത ആത്മവിശ്വാസം തന്നെയാണ് സഞ്ജയ്ക്ക് വിനയായതും.കേരളം വിട്ട സഞ്ജയ് മേട്ടുപാളയം ബാറിലും, പെട്രോൾ പമ്പിലും, കോയമ്പത്തൂരിലെ ഹോട്ടലിലും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാർഡ് സ്വൈപ് ചെയ്തത് ഇരിങ്ങാലക്കുട പോലീസ് ഉടനടി മനസ്സിലാക്കി. കെ.എൽ 45 ബി 2882 എന്ന റെജിസ്ട്രേഷനുള്ള ചുവന്ന ഫോർഡ് ആസ്പയർ കാറിലാണ് സഞ്ജയ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയ ഇരിങ്ങാലക്കുട പോലീസ് വളരെ വേഗത്തിൽ തന്നെ കുതിച്ചെത്തി. എന്നാൽ അപകടം മണത്ത പ്രതി ഉടനെ താവളം മാറ്റി.

ഇവിടുന്നങ്ങോട്ട് ഇരിങ്ങാലക്കുട പോലീസ് സഞ്ജയുടെ പിന്നാലെ തന്നെയായിരുന്നു. ഇതിനിടെ ഭാര്യയുടെ പേരിൽ പുതിയ സിംകാർഡ് എടുത്ത് പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി സഞ്ജയ് കർണാടകത്തിലേക്ക് കടന്നു.

ഒറ്റക്ക് സഞ്ചരിച്ചിരുന്ന സഞ്ജയ് രവിയുടെ കൂടെ ഒരു സ്ത്രീയും സഹായിയായ യുവാവും കൂടിച്ചേർന്ന്, ബാംഗ്ലൂർ ഡന്റൽ കോളേജിലെ ഒരു യുവതിയുടെ സഹായത്തോടെ മൈസൂരിലും, കൂർഗിലും, ബാംഗ്ളൂരിലും മാറി മാറി താമസിക്കുകയായിരുന്നു. ഈ യുവതിയെയും സഹായിച്ചവരെയും പോലീസ് തിരിച്ചറിഞ്ഞ് എത്തിയതറിഞ്ഞ്, ഗത്യന്തരമില്ലാതെ തൃശൂരിലെ അഭിഭാഷകന്റെ വീട്ടിലെത്തുന്നതും തുടർന്ന് അറസ്റ്റിലാവുന്നതും.