ഓണാഘോഷത്തിനിടെ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കയ്പമംഗലം : ഓണാഘോഷത്തിനിടെ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി ഇന്നലെ കാണാതായ പടിയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പടിയൂർ നിലമ്പതി സ്വദേശി കൊങ്ങിണി വീട്ടിൽ തങ്കപ്പൻ മകൻ ജിത്തു (20) വിന്റെ മൃതദേഹമാണ് കൂളിമുട്ടം കടപ്പുറത്ത് നിന്നും അൽപ്പം മുമ്പ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ജിത്തുവും ഏഴോളം സുഹൃത്തുക്കളും കൂടി കയ്പമംഗലം വഞ്ചിപ്പുര കടപ്പുറത്തെത്തിയത്. കുളിക്കുന്നതിനിടയിൽ ജിത്തുവിനെ കാണാതാവുകയായിരുന്നു. കയ്പമംഗലം പോലീസിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കടലിൽ ഇന്നലെ മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഉഷയാണ് മരിച്ച ജിത്തുവിന്റെ അമ്മ. ഋതുമോൾ സഹോദരിയും.