മദ്യം കഴിച്ച്‌ പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു


ചേര്‍പ്പ് : മദ്യം കഴിച്ച്‌ പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറാട്ടുപുഴ മഠത്തിലായി സുകുമാരനാണ് (62) മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേരെ വിദഗ്ദ്ധ പരിശോധനയ്ക്കായി മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആറാട്ടുപുഴ മാങ്ങാറായില്‍ വീട്ടില്‍ പീതാംബരന്‍( 60), മൈമ്പുള്ളി വീട്ടില്‍ അറുമുഖന്‍ (55), കൈലാസ വീട്ടില്‍ ജയന്‍ (48) എന്നിവരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. സുകുമാരനും സുഹൃത്തുക്കളും ചേര്‍പ്പ് മേഖലയിലെ ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങി വീട്ടിലിരുന്ന് കഴിച്ച്‌ പുറത്തിറങ്ങിയ ഉടനെ സുകുമാരന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതിനിടെ മറ്റ് മൂന്നു പേര്‍ക്കും തളര്‍ച്ച അനുഭവപ്പെട്ടതോടെ അവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ സുകുമാരന് നേരത്തെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാവിലെ മുതല്‍ സുകുമാരന്‍ അമിതമായി മദ്യം കഴിച്ചിരുന്നതായും പറയുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ വൈ ഫൈ എന്ന മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, ചേര്‍പ്പ് എസ്.ഐ സനീഷ് കുമാര്‍,എക്‌സൈസ് അസി. കമ്മിഷണര്‍ സലീം, സി.ഐ രാജേഷ്, റേഞ്ച് എസ്.ഐ ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി. വല്ലച്ചിറയിലെ ബീവറേജസ് കോര്‍പറേഷന്റെ സ്ഥാപനത്തില്‍ നിന്ന് എക്‌സൈസ് വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഇന്ന് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുടിച്ച കുപ്പിയില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കാനായിട്ടില്ല. കൊച്ചമ്മിണിയാണ് സുകുമാരന്റെ ഭാര്യ. മകള്‍ പരേതയായ രമ്യ.