ഓണാഘോഷങ്ങൾക്ക് അല്പം കരുതൽ കൂടിയാകട്ടെ എന്ന് ഡി.വൈ.എസ്.പി


ഇരിങ്ങാലക്കുട : ഓണാവധിയും ആഘോഷങ്ങളും സമാധാനപൂർണ്ണവും അപകടരഹിതവുമാകട്ടെ എന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ്.ഓണാവധിക്കായി സ്കൂളും കോളജുകൾ അടച്ചു.വ്യാപാരവാണിജ്യ സ്ഥാപനങ്ങൾ നല്ലൊരു ഉത്സവ സീസൺ തിരക്കിലുമാണ്. നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ തോതിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇരുചക്ര,നാലുചക്ര വാഹനങ്ങളിൽ എത്തുന്നവർ നഗരഹൃദയത്തിന് മുൻപ് ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

യാത്രക്കിടയിൽ വില പിടിപ്പുള്ളവ നഷ്ടപ്പെടാതിരിക്കാനും ബസുകളിലും തിരക്കുള്ളയിടങ്ങളിലും മോഷ്ടാക്കളുടെ കെണിയിൽപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങളും പോലീസിന്റെ നിർദ്ദേശങ്ങളും കർശനമായി പാലിക്കുവാനും മദ്യപിച്ച് വാഹനമോടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

കൂടാതെ യുവാക്കൾക്കിടയിൽ മദ്യപാനവും ലഹരി ഉപയോഗവും കൂടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കൾ വളരെ ജാഗ്രത പാലിക്കണമെന്ന് ഡി.വൈ.എസ്.പി നിർദ്ദേശിച്ചു.

രാജ്യത്തെ നിയമങ്ങളും നിയമ വ്യവസ്ഥകളും അച്ചടക്കമുള്ള തലമുറയെ വാർത്തെടുക്കുവാൻ കൂടിയുള്ളതാണ്.അതുകൊണ്ട് നിയമങ്ങളും നിയമ വ്യവസ്ഥകളും പാലിക്കുവാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. പല ആഘോഷങ്ങളിലും പരിപാടികൾക്കിടയിലും ക്രിമിനലുകളും, മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചുമെത്തുന്ന ചിലരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ഇത് ആഘോഷങ്ങളുടേയും സാംസ്കാരിക പരിപാടികളുടേയും മൊത്തത്തിലുള്ള ശോഭ തന്നെ കെടുത്തിക്കളയുമെന്നും അതു കൊണ്ട് ഓണാഘോഷ പരിപാടികളുടെ സംഘാടകർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഓണാഘോഷത്തിനിടയിൽ മദ്യവും ലഹരി പദാർത്ഥങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ആഘോഷത്തിന്റെ പേരു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന തങ്ങളുടെ കുട്ടികൾ എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്വം ഉണ്ട്. ചില സ്ഥലങ്ങളിൽ അർദ്ധരാത്രിയും പുലർച്ചെയും യുവാക്കൾ ഭക്ഷണം കഴിക്കാനെന്ന പേരിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ കാലവർഷം ശക്തമായിരുന്നതിനാൽ മേഖലയിലെ കുളങ്ങളും,തോടുകളും നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. അവധിക്കാല ആഘോഷങ്ങൾക്ക് കുട്ടികൾ ഇറങ്ങുമ്പോൾ അപകടങ്ങളിൽപ്പെടരുത്. അവധിക്കാലത്ത് കൂടുതൽ ദിവസം വീടുകൾ അടച്ചിട്ട് ദൂര സ്ഥലങ്ങളിൽ പോകുന്നവർ സ്വർണ്ണാഭരണങ്ങൾ പോലുള്ള വിലപിടിപ്പുള്ളവ വീടുകളിൽ വച്ച് പോകാതിരിക്കുക. ഉത്സവ സീസണോടനുബന്ധിച്ച് തന്റെ അധികാര മേഖലയിലുള്ള എല്ലാ സ്റ്റേഷൻ പരിധികളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാ ആഘോഷങ്ങളും, കൂട്ടായ്മകളും മത രാഷ്ട്രീയ വേർതിരിവുകൾക്കധീതമായി മാനുഷിക സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുവാനുള്ളതാണ്. എല്ലാ വിഭാഗം ആളുകൾക്കും നന്മയുള്ളഉ ഒരു ഓണക്കാലം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.