
ഇരിങ്ങാലക്കുട : തൃശൂര്‍ രൂപതയെ വിഭജിച്ച് ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ രൂപത നിലവില്‍ വന്നിട്ട് ഇന്ന് 41 വര്‍ഷം പൂര്‍ത്തിയാകുന്നു. പ്രഥമ മെത്രാന് കാലം ചെയ്ത മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ആത്മീയ നേതൃത്വത്തില്‍ വളര്‍ന്ന ഇരിങ്ങാലക്കുട രൂപത, ദ്വിതീയ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്റെ കരുണാര്‍ദ്ര സ്നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാല്‍ അനുദിനം വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.
ഇന്ന് രാവിലെ 7.15 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി, രാവിലെ 9.30 മണിക്ക് രൂപതാഭവനത്തില്‍ അതിജീവനവര്ഷ സമാപന പ്രാര്‍ഥനകള്‍ എന്നിവ നടക്കും. തുടര്‍ന്ന് 10 മണിക്ക് 42-ാം രൂപതാദിനത്തിന്റെ പൊതുസമ്മേളനം അപ്പസ്തോലിക് ന്യൂണ്‍സിയോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ഉദ്ഘാടനം ചെയ്യുന്നതാണ്. ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ പൊതു സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഇരിങ്ങാലക്കുട രൂപത പുതുതായി ആരംഭിക്കുന്ന സില്‍ച്ചാര്‍ മിഷന് ഹൊസൂര്‍ രൂപത മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ ഉദ്ഘാടനം ചെയ്യും. സില്‍ച്ചാര്‍ മിഷന് കോര്‍ഡിനേറ്റര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തും. 2019 സെപ്റ്റംബര്‍ 10 മുതല്‍ 2020 സെപ്റ്റംബര്‍ 10 വരെ ഇരിങ്ങാലക്കുട രൂപതയില്‍ ആചരിക്കുന്ന ദൈവവിളി പ്രോത്സാഹന വര്‍ഷത്തിന്റെ ഉദ്ഘാടനം ചിക്കോഗോ രൂപതയുടെ സഹായ മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിക്കുന്നതാണ്. കണ്‍വീനര്‍ റവ. ഫാ. വിന്‍സന്റ് പാറയില്‍ ഒരു വര്‍ഷത്തെ കാര്യപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കും.
തദവസരത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ മുഴുവന്‍ വൈദികരുടെയും പൂര്‍ണ്ണമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി തൃശൂര്‍ എം. പി. ശ്രീ. ടി.എന്‍ പ്രതാപന് പ്രകാശനം നിര്‍വഹിക്കും. ഒപ്പം ജനുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രോ – ലൈഫ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം റവ. ഡോ. ജോസ് ഇരിമ്പന്‍, ഡോ. ഫിന്റൊ ഫ്രാന്‍സിസ്, ഡോ. രഞ്ചു, ഡോ. ജോര്‍ജ് ലിയോണ്‍സ്, ഡോ. വിമല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ ഒന്നുചേര്‍ന്ന് നടത്തും. രൂപതയുടെ മുഖ്യ വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതമരുളുന്ന പൊതുസമ്മേളനത്തില്‍ തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ റവ. സി. ഉദയ സി. എച്ച്. എഫ്, വൈദീക സമിതി സെക്രട്ടറി റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീമതി ആനി ഫെയ്ത്, ഏകോപന സമിതി സെക്രട്ടറി ശ്രീ. ബിനോയി സി. പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി കൃതജ്ഞത പ്രകാശിപ്പിക്കുന്നതാണ്.
ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് വിന്‍സന്റ് ഡയബറ്റിക് ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടിംഗ് സെന്റര്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതാണ്. 2018 ലെ പ്രളയകാലത്തും അതിനുശേഷമുള്ള അതിജീവന വര്‍ഷത്തിലും ജാതിമത ഭേതമന്യേ ഇരിങ്ങാലക്കുട രൂപത ഏകദേശം 40 കോടിയിലധികം രൂപ ഭവന നിര്‍മാണത്തിനും തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിനും കുടുംബങ്ങളുടെ സമുദ്ധാരണത്തിനും പ്രളയം ദുരിതത്തിലാഴ്ത്തിയ വിദ്യാര്‍ഥികളുടെ പഠനത്തിനും കാര്‍ഷിക – വ്യവസായ – തൊഴില്‍ – വ്യാപാര മേഖലകളില്‍ ദുരന്തത്തിലായവരുടെ ഉന്നമനത്തിനും വേണ്ടി ചെലവഴിച്ചു. കൂടാതെ രൂപതയ്ക്ക് അകത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം ക്യാമ്പുകളിലും ഭക്ഷണവും വസ്ത്രവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് ഇടവകകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവ വഴിയായി ലക്ഷകണക്കിന് രൂപ ചെലവിട്ടിരുന്നു.
രൂപതയിലെ മുഴുവന്‍ വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സന്യാസ ഭവനങ്ങളിലെ സുപ്പീരിയര്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളും നടത്തു കൈക്കാരന്മാരും രൂപത ഏകോപന സമിതി അംഗങ്ങളും രൂപതാദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര, ചാന്‍സലര്‍ റവ. ഡോ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ള, ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ജോയല്‍ ചെറുവത്തൂര്‍, പി. ആര്. ഒ. ഫാ. ജിജോ വാകപറമ്പില്‍ എന്നിവര്‍ അറിയിച്ചു.