കാറളം പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത ഭരണ സമിതി തീരുമാനത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം.


കാറളം : കാറളം പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത ഭരണ സമിതി തീരുമാനത്തിൽ യുഡിഎഫ് കാറളം മണ്ഡലം കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കാറളം ഇളംപുഴ പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമാകുന്ന ചെമ്മണ്ട പാടശേഖരത്തെ മത്സ്യകൃഷി കുളവുമായി ബന്ധപ്പെട്ട വിഷയത്തിലും താണിശേരി ഹരിപുരം കെ എൽ ഡി സി കനാൽ ബണ്ട് വിഷയത്തിലും പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നിലപാടിന് യോഗം പിന്തുണ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ടിന്റെ അടക്കം വാർഡിൽ നൂറ് കണക്കിന് കുടുംബങ്ങൾ വീട്ടിൽ വെള്ളം കയറി കഷ്ടപ്പെട്ടപ്പോൾ പോലും ഇല്ലാത്ത ആവേശത്തിലും തിടുക്കത്തിലും   അടിയന്തിര ഭരണ സമിതി യോഗം വിളിച്ച് കൂട്ടി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്, വെള്ളപ്പൊക്ക സമയത്ത് ജനങ്ങൾ പഞ്ചായത്തിനെതിരെ തിരിഞ്ഞതിലുള്ള അസഹിഷ്ണുത മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ കാറളം പഞ്ചായത്തിലെ ഇടതുമുന്നണിയുടെ ബഹുജന അടിത്തറ തകർന്നതിനെ തുടർന്ന് അസ്വസ്ഥത മൂലം പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള വേദിയായി പഞ്ചായത്തിനെ തരം താഴ്ത്തിയതിൽ, യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കാറളം മണ്ഡലം യു ഡി എഫ് ചെയർമാൻ ബാസ്റ്റിൻ ഫ്രാൻസീസ് ആശങ്ക പ്രകടിപ്പിച്ചു. തീരുമാനത്തിൽ പ്രതിഷേധിച്ച യുഡിഎഫ് മെമ്പർമാർക്ക് യോഗം പിന്തുണ അറിയിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐ ഡി ഫ്രാൻസീസ് മാസ്റ്റർ, കെ ബി ഷമീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.എൻ എം ബാലകൃഷ്ണൻ ,തങ്കപ്പൻ പാറയിൽ, തിലകൻ പൊയ്യാറാ, എ വി സുമേഷ്, സി എ പുഷ്പേന്ദ്രൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.