വ്യവസായ സംരഭം മുന്നോട്ട് കൊണ്ടു പോകാനാകാതെ ആത്മഹത്യയുടെ വക്കിലെത്തിയ വനിതാ സംരംഭകയുടെ പരാതി പ്രധാന മന്ത്രിക്ക് മുന്നിൽ


ഇരിങ്ങാലക്കുട : വ്യവസായ സൗഹാർദ്ദ സംസ്ഥാനം എന്ന് ഏറെ കൊട്ടിഘോഷിക്കുമെങ്കിലും സംരംഭകത്വവുമായി മുന്നിട്ടിറങ്ങുന്നവർ ആരിൽ നിന്നും യാതൊരു സൗഹാർദ്ദവും പ്രതീക്ഷിക്കരുത് എന്നതാണ് സമീപകാല യാഥാർത്ഥ്യം.

വേളൂക്കര പഞ്ചായത്തിൽ പട്ടേപ്പാടം പൂന്തോപ്പിന് സമീപം  സ്ഥിതി ചെയ്യുന്ന ന്യൂ കൺസെപ്റ്റ് മെറ്റൽ സൊലൂഷൻസ് എന്ന കമ്പനിയുടെ സാരഥി ഗിരിജയാണ് തന്റെ ദുരാവസ്ഥ വിവരിച്ച് അവസാന ആശ്രയം എന്ന നിലയിൽ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

പ്രാധാനമന്ത്രിയുടെ തന്നെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള , കൊയമ്പത്തൂരിൽ നല്ല നിലയിൽ നടന്നു വന്നിരുന്ന തന്റെ ബിസിനസ്, താൻ വളർന്ന് വന്ന നാടിനോടുള്ള വൈകാരികതയും ഇഷ്ടവും കൊണ്ട് പറിച്ച് നടേണ്ടി വന്നതിൽ ഇന്ന് ഖേദിക്കുകയാണ് ഈ യുവ സംരംഭക.തന്റെ നാട്ടിലെ തന്നെ ഒരു പറ്റം ആളുകൾ തന്റെ കമ്പനിക്കെതിരെ അഴിച്ചു വിട്ട ചില കുപ്രചാരണങ്ങളാണ് ഇന്ന് കമ്പനിയെ തകർക്കുന്ന നില വരെ എത്തിയിരിക്കുന്നത്.

പഞ്ചായത്ത്, മലിനീകരണ ബോർഡ്, ഫയർ ആൻറ് സേഫ്റ്റി എന്നു വേണ്ട ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും അനുമതിയും ലൈസൻസും ലഭിച്ച ശേഷം മാത്രം തുടങ്ങിയ തന്റെ സ്ഥാപനം നല്ല രീതിയിൽ നടക്കുന്നതിൽ അസൂയ പൂണ്ട ചിലരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് ഗിരിജ പറയുന്നത്. യാതൊരു വിധ ലൈസൻസുകളും ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നത് എന്ന കുപ്രചാരണമാണ് ഇക്കൂട്ടർ കമ്പനിക്കെതിരെ ജനങ്ങൾക്കിടയിൽ വാക്കാലും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നത്.സാമ്പത്തിക ലക്ഷ്യം മാത്രം മുൻ നിർത്തി, ആരുടേയോ ചട്ടുകമായി പ്രവർത്തിക്കുന്ന ഇവർക്ക് പിന്തുണയുമായി സ്ഥലത്തെ ലോക്കൽ രാഷട്രീയ പാർട്ടിയും ഉണ്ടെന്ന് ഗിരിജ ആരോപിക്കുന്നു.

തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായ,ഭർത്താവ് മരണപ്പെട്ട,രണ്ട് പെൺമക്കൾ മാത്രം കൂടെയുള്ള,തന്റെ ഒരാളുടെ കഠിനാദ്ധ്വാനം കൊണ്ട് മാത്രം വളർത്തി വലുതാക്കിയ കമ്പനിയെ ഇത്തരം കുത്സിത പ്രവർത്തി നടത്തുന്നവരിൽ നിന്നും സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല എന്നാണ് ഗിരിജ പറയുന്നത്.

സ്ത്രീ ശാക്തീകരണം പേപ്പറുകളിൽ മാത്രം ഒതുങ്ങി നിന്നാൽ പോര, പ്രവർത്തിയിലും കൊണ്ടുവരുവാൻ ശ്രമിക്കണം. ഇനിയൊരു സംരംഭകൻ സധൈര്യം മുന്നോട്ട് കടന്നു വരണമെങ്കിൽ ഇത്തരം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.